അബുദാബി: നിമിഷങ്ങൾമാത്രം മതിയായിരുന്നു അബുദാബിയിലെ ബഹുനില കെട്ടിടമായ മിന പ്ലാസ ടവർ പൊളിച്ചുനീക്കാൻ. ശക്തമായ സുരക്ഷാ വലയങ്ങളിൽ വെള്ളിയാഴ്ച രാവിലെ ആ കൃത്യം ശാസ്ത്രീയമായി നിർവഹിച്ചു. മിനയിലെ 165 മീറ്റർ ഉയരമുള്ള കെട്ടിടത്തിൽ ആകെ 144 നിലകളാണുണ്ടായിരുന്നത്.

ആറായിരം കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പത്ത് മിനിറ്റുകൊണ്ടാണ് കെട്ടിടം പൊളിച്ചത്. തുറസ്സായ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ഇരുന്ന് ആയിരങ്ങൾ ആ കാഴ്ച കണ്ടു. നിർമാണത്തിന്റെ അവസാന ഘട്ടത്തിലേക്കു കടന്ന കെട്ടിടമായിരുന്നു ഇത്. വിവിധ കാരണങ്ങളാൽ അത് ഉപേക്ഷിക്കപ്പെടുകയും പൊളിച്ചുനീക്കാൻ തീരുമാനിക്കുകയുമായിരുന്നു.

അബുദാബി പോലീസ്, സിവിൽ ഡിഫൻസ്, അടിയന്തര സേവന സംഘം, നാഷണൽ ആംബുലൻസ്, ദുരന്ത നിവാരണ വകുപ്പ് എന്നിവ സംയുക്തമായാണു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.

അബുദാബി തുറമുഖത്തോടുചേർന്ന് മിനയിലെ പ്രധാന കച്ചവടകേന്ദ്രങ്ങളായ പഴം, പച്ചക്കറി-ചെടി മാർക്കറ്റിനും മത്സ്യമാർക്കറ്റിനും നടുവിലായാണ് ഈ കെട്ടിടം സ്ഥിതിചെയ്തിരുന്നത്. മിന തുറമുഖത്തിലേക്കു കടക്കുന്ന പ്രധാന റൗണ്ട് എബൗട്ടിന് വശത്തായി നാലു വലിയ ടവറുകൾ ഉൾക്കൊള്ളുന്നതാണ് മിന പ്ലാസ കെട്ടിടസമുച്ചയം. കെട്ടിടത്തിന്റെ ഒന്നരക്കിലോമീറ്റർ ചുറ്റളവിലുള്ള കേന്ദ്രങ്ങളിൽനിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇതുവഴിയുള്ള ഗതാഗതം പൂർണമായും വിലക്കി. നിയന്ത്രണം ഏർപ്പെടുത്തിയ പ്രധാന റോഡുകളെല്ലാം വെള്ളിയാഴ്ച ഉച്ചയോടെയാണ് തുറന്നത്.

നവീന രീതിയിലുള്ള മാർക്കറ്റ്, വിനോദസഞ്ചാര കേന്ദ്രം എന്നിവയടക്കമാണ് ഈ ഭാഗത്ത് ഇനി നിർമിക്കുക. 15 ലക്ഷം ചതുരശ്രമീറ്റർ സ്ഥലത്താണ് നിർമാണം. നിലവിലുള്ള കച്ചവട കേന്ദ്രങ്ങൾ നിർമാണഘട്ടങ്ങളിലെല്ലാം നിലനിർത്തും.

വീഴ്ചയ്ക്കും ഗിന്നസ് റെക്കോഡ്

മിന പ്ലാസയുടെ പതനം ഗിന്നസ് റെക്കോഡും നേടി. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പൊളിച്ചുനീക്കിയ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന നിലയ്ക്കാണ് റെക്കോഡ്. നാല് ടവറുകളിലായി 144 നിലകളുള്ള കെട്ടിടം പൊളിക്കാൻ 18,000 ദ്വാരങ്ങളുണ്ടാക്കിയാണ് സ്ഫോടകവസ്തുക്കൾ നിറച്ചത്. സുരക്ഷിതവും വിജയകരവുമായി ഇത്ര വലിയ കെട്ടിടം പൊളിക്കാനായത് ചരിത്രനേട്ടമാണെന്ന് മോഡോൺ പ്രോപ്പർട്ടീസ് ഡയറക്ടർ അഹമ്മദ് അൽ ശൈഖ് അൽ സാബി പറഞ്ഞു. ഇതിന് ഗിന്നസ് നേട്ടം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.