ദുബായ്: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനദിവസംതന്നെ യാത്രചെയ്യാനുള്ള നാട്ടുകാരുടെ ആഗ്രഹം എയർ ഇന്ത്യ എക്സ്പ്രസ്സിന് വൻ നേട്ടമായി. ചൊവ്വാഴ്ച കാലത്ത് പത്തരയോടെ ആരംഭിച്ച ഓൺലൈൻ ടിക്കറ്റ് വിൽപ്പന ഒരു മണിക്കൂറിനകം തീർന്നു. കണ്ണൂരിൽനിന്ന് അബുദാബിയിലേക്കും തിരിച്ചുമാണ് ഡിസംബർ ഒമ്പതിനുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കന്നിയാത്ര.

കാലത്ത് എയർ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ. ശ്യാം സുന്ദറിന്റെ വീഡിയോ സന്ദേശത്തിന് തൊട്ടുപിന്നാലെയായിരുന്നു ഓൺലൈൻ ബുക്കിങ് തുടങ്ങിയത്. അബുദാബിയിൽനിന്ന് കണ്ണൂരിലേക്കുള്ള യാത്രടിക്കറ്റ് വിൽപ്പന 670 ദിർഹത്തിലാണ് (12,670 രൂപയോളം) തുടങ്ങിയത്. ഒട്ടേറെപ്പേർ ടിക്കറ്റിനായി വെബ്‌സൈറ്റിൽ എത്തിയതോടെ പെട്ടെന്നുതന്നെ വില പടിപടിയായി ഉയർന്നു. ആദ്യ വിമാനത്തിൽ 180 ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. അവസാന ടിക്കറ്റ് 2470 ദിർഹത്തിനാണ് (49,000 രൂപയിലേറെ) വിറ്റുപോയത്.

കണ്ണൂരിൽനിന്ന് കാലത്ത് പുറപ്പെടേണ്ട ഉദ്ഘാടന സർവീസിലെ ടിക്കറ്റിനും പിടിവലിയായിരുന്നു. പതിനായിരത്തോളം രൂപയ്ക്ക് ആരംഭിച്ച വിൽപ്പന അവസാനം 34,000 രൂപയിലാണ് നിന്നത്. എന്നാൽ യു.എ.ഇ.യിലേക്കുള്ള പ്രിയം ദോഹ, റിയാദ് സർവീസുകൾക്ക് ഉണ്ടായില്ല.

കണ്ണൂർ-അബുദാബി സർവീസിന് തുടർദിവസങ്ങളിലും ബുക്കിങ് നടക്കുന്നുണ്ട്. ആയിരത്തിലേറെ ദിർഹമാണ് ഇപ്പോഴത്തെ ശരാശരി നിരക്ക്. എന്നാൽ ഷാർജയിലേക്കുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല. ജനുവരിയോടെ ഷാർജ, ദുബായ് സർവീസുകൾ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഒട്ടേറെപ്പേർ ഒരേസമയം ടിക്കറ്റിനായി സൈറ്റിലെത്തിയതോടെ ഇടയ്ക്ക് വെബ്‌സൈറ്റിൽ സാങ്കേതിക തടസ്സമുണ്ടായിരുന്നു.