അബുദാബി : യു.എ.ഇ.യുടെ അമ്പതാം വാർഷികാഘോഷ പ്രഖ്യാപനത്തോടനുബന്ധിച്ച് അബുദാബി നഗരത്തിലെ പ്രധാനപ്പെട്ട കെട്ടിടങ്ങൾ വർണവിളക്കുകൾ തെളിച്ചുണർന്നു. വലിയ കെട്ടിടങ്ങളിൽ ‘ദി ഇയർ 50’ എന്ന ലോഗോ തെളിഞ്ഞത് ജനങ്ങളിൽ പ്രതീക്ഷയുടെ പുതിയ വർഷത്തെക്കുറിച്ചുള്ള അടയാളപ്പെടുത്തലായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് സുവർണജൂബിലിയുടെ ഭാഗമായി നടക്കുക. അബുദാബി മുനിസിപ്പാലിറ്റി, ഖലീഫ യൂണിവേഴ്‌സിറ്റി, മറ്റ് സർക്കാർ കാര്യാലയങ്ങൾ, ട്രാഫിക് സിഗ്‌നൽ ബോർഡുകൾ എന്നിവയെല്ലാം അമ്പതാം വർഷത്തെ വരവേറ്റുകൊണ്ടുള്ള ലോഗോ പ്രദർശിപ്പിച്ചു.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് ജനങ്ങളും സ്വീകരിച്ചിരിക്കുന്നത്. മഹാമാരിയുടെ ബുദ്ധിമുട്ടുകൾക്കൊടുവിൽ പ്രതീക്ഷയും സന്തോഷവും നിറഞ്ഞ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ആളുകൾ. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷക്കമ്മിറ്റിയാണ് രൂപവത്‌കരിച്ചിരിക്കുന്നത്.