അബുദാബി : സിവിൽ ഡിഫൻസിന്റെ ഏറ്റവും പുതിയ ആംബുലൻസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. അബുദാബി പോലീസ് ചീഫ് കമാൻഡർ മേജർ ജനറൽ പൈലറ്റ് ഫാരിസ് ഖലഫ് അൽ മസ്രൂയി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ ഉപകരണങ്ങളും നൂതന സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്ന ഈ കേന്ദ്രം അബുദാബി അൽ-ഐൻ റോഡിൽ റസീൻ സ്ട്രീറ്റിലാണ് സ്ഥിതിചെയ്യുന്നത്.

ആളുകളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ഫലപ്രദമായി ഏറ്റവും വേഗത്തിൽ ഇടപെടലുകൾ സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേഖലയിൽ ഈ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ അബുദാബി പോലീസിലെ ധനകാര്യ സേവന ഡയറക്ടർ മേജർ ജനറൽ ഖലീഫ മുഹമ്മദ് അൽ ഖൈലി, അബുദാബി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഇബ്രാഹിം അൽ അമേരി എന്നിവരും പങ്കെടുത്തു.