അബുദാബി: സഹിഷ്ണുതയുടെ മഹത്തായസന്ദേശം പകർന്ന് അബുദാബിയിൽ ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യൻ പള്ളിയുമുയരും. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സി.എസ്.ഐ.) വിശ്വാസികൾക്ക് ഇതിനായി അബുമുറൈഖയിൽ 4.37 ഏക്കർസ്ഥലമാണ് അബുദാബി സർക്കാർ അനുവദിച്ചത്. ഇവിടെ പതിനായിരം ചതുരശ്രയടി വലിപ്പത്തിൽ 90 ലക്ഷം ദിർഹം മുതൽമുടക്കിൽ നിർമിക്കുന്ന പള്ളിയുടെ ശിലാശുശ്രൂഷയും ശിലാസ്ഥാപനവും വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. ഭാരവാഹികൾ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരുവർഷത്തിനകം പള്ളിയുടെ നിർമാണം പൂർത്തീകരിക്കും. പള്ളിയോട് ചേർന്ന് സാംസ്കാരികകേന്ദ്രങ്ങളുടെ നിർമാണവും പരിഗണനയിലുണ്ട്.
വെള്ളിയാഴ്ച അബുദാബി സെയ്ന്റ് ആൻഡ്രൂസ് ദേവാലയത്തിൽ വൈകുന്നേരം ആറുമണിക്കാണ് ശിലാശുശ്രൂഷ നടക്കുക. സഭയുടെ പരമാധ്യക്ഷൻ ഫാ. തോമസ് കെ. ഉമ്മൻ ചടങ്ങിന് കാർമികത്വം വഹിക്കും. യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ മുഖ്യാതിഥിയാകും. സാമൂഹിക വികസനവകുപ്പ്, ഇസ്‌ലാമിക് അഫയേഴ്‌സ് വകുപ്പ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. സി.എസ്.സി. ക്വയറിന്റെ പ്രത്യേക ഗാനാലാപനവും സഭയുടെ നാൽപത് വർഷം യു.എ.ഇ യിൽ പൂർത്തിയാക്കിയ അംഗങ്ങളെ ആദരിക്കലും നടക്കും.
ശനിയാഴ്ചരാവിലെ എട്ടരയ്ക്ക് അബു മുറൈഖയിൽ ഫാ. തോമസ് കെ. ഉമ്മന്റെ കാർമികത്വത്തിൽ ശിലാസ്ഥാപനശുശ്രൂഷ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫാദർ തോമസ് കെ. ഉമ്മൻ, ഫാദർ ജോൺ ഐസക്, ഫാദർ സോജി വർഗീസ് ജോൺ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.