അബുദാബി: അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ സമ്മർക്യാമ്പ് ‘സിസ്ലിങ് സമ്മർ 19’-ന് തുടക്കമായി. വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള എട്ടിനും പതിനേഴിനുമിടയിൽ പ്രായമുള്ള എൺപതോളം കുട്ടികളാണ് ക്യാമ്പിലുള്ളത്.
കുട്ടികൾക്ക് ഓരോ ചുമതലകൾ നൽകി അവരെക്കൊണ്ടുതന്നെ കാര്യങ്ങൾ നടപ്പാക്കുന്ന രീതിയിലാണ് ക്യാമ്പ്. രചനയും സംവിധാനവും സാങ്കേതിക ചുമതലകളുമെല്ലാം കുട്ടികളെ ഏൽപ്പിച്ച് നാടക അവതരണം, കഥ, കവിത അവതരണം, ഫോട്ടോഗ്രാഫിപരിശീലനം, സംഗീത പരിശീലനം, നീന്തൽ പരിശീലനം, ബാഡ്മിന്റൺ, ടെന്നീസടക്കമുള്ള പലതരം കളികൾ, വാർണർ ബ്രോസ്, യാസ് വാട്ടർ വേൾഡ് അടക്കമുള്ള വിനോദകേന്ദ്രങ്ങളിലേക്ക് സന്ദർശനം എന്നിവ വരുംദിവസങ്ങളിൽ നടക്കും. ഭക്ഷ്യ പാനീയ നിർമാണ യൂണിറ്റുകളിലേക്ക് സന്ദർശനം നടത്തി കുട്ടികൾക്ക് പ്രായോഗിക പാഠങ്ങൾ മനസ്സിലാക്കികൊടുക്കും. നിർമിത ബുദ്ധി, റോബോട്ടിക്സ് എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ ക്യാമ്പിന്റെ പ്രത്യേകതയായിരിക്കും.
പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി പ്രകൃതിക്ക് തണൽ എന്ന ആശയത്തിൽ കുട്ടികൾ ആദ്യദിനം ഓരോ ചെടി വീതം നട്ടു. 21 ദിവസത്തിനുശേഷം ഈ ചെടികളുടെ വളർച്ച പരിശോധിക്കുകയും കുട്ടികൾക്ക് നൽകുകയും ചെയ്യും. അബുദാബി കമ്യൂണിറ്റി പോലീസുമായി സഹകരിച്ച് കുട്ടികൾക്ക് നേരെയുണ്ടാവുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ക്യാമ്പിൽ നൽകും. എൻ.കെ. ഷിജിൽ കുമാറാണ് ക്യാമ്പ് ഡയറക്ടർ. ക്യാമ്പിന്റെ ഉദ്ഘാടനം ഐ.എസ്.സി. പ്രസിഡന്റ് ഡി. നടരാജൻ നിർവഹിച്ചു. ജനറൽ സെക്രട്ടറി പി. സത്യബാബു, ട്രഷറർ ലിംസൺ കെ. ജേക്കബ്, വൈസ് പ്രസിഡന്റ് എസ്.എൻ. രാധാകൃഷ്ണൻ വലിയത്താൻ, വിനോദ വിഭാഗം സെക്രട്ടറി ജോസഫ് ജോർജ് അമിക്കാട്ടിൽ, സാഹിത്യവിഭാഗം സെക്രട്ടറി സി.എച്ച്. മൻസൂർ അലി, കായികവിഭാഗം സെക്രട്ടറി കെ.ആർ. പ്രകാശൻ എന്നിവർ പങ്കെടുത്തു.