അബുദാബി: കളിയും കാര്യവുമായി അബുദാബി മലയാളിസമാജം സമ്മർക്യാമ്പ് ‘ചങ്ങാതിക്കൂട്ടം 19’ന് തുടക്കമായി. കുട്ടികളിലെ സർഗവാസനകൾ പുറത്തുകൊണ്ടുവരുന്ന കളികളും പാട്ടുകളുമെല്ലാം കോർത്തിണക്കിയാണ് ക്യാമ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അബുദാബിയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 150-ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
ആറുമുതൽ പതിനാറ് വയസ്സുവരെയുള്ള കുട്ടികളാണ് ക്യാമ്പിലുള്ളത്. ഇവരെ രണ്ട് വിഭാഗങ്ങളാക്കി തരംതിരിച്ചാണ് പരിപാടികൾ നടക്കുന്നത്. സ്കൂൾ അവധിക്ക് നാട്ടിലെ മഴക്കാലം ആസ്വദിക്കാൻ നാട്ടിലേക്ക് പോകാൻ അവസരം ലഭിക്കാത്ത കുട്ടികൾക്ക് ഒത്തുകൂടി ആഘോഷിക്കാൻ ലഭിച്ച വലിയ വേദിയാണ് ക്യാമ്പ്.
പ്രവാസലോകത്തെ ജീവിതത്തിൽ അന്യമായ നാടൻ പാട്ടുകളും കളികളും കവിതകളുമെല്ലാം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് സംഘാടകർ. അധ്യാപനം, ചവിട്ടുനാടക പരിശീലനം, നെഹ്റു യുവകേന്ദ്ര ട്രെയിനിങ് കോ-ഓഡിനേറ്റർ തുടങ്ങിയ മേഖലയിൽ പ്രവർത്തിച്ചുവരുന്ന അലക്സ് താളുപാടത്താണ് ക്യാമ്പ് ഡയറക്ടർ. സമ്മർക്യാമ്പിന്റെ ഉദ്ഘാടനം യു.എ.ഇ. എക്സ്ചേഞ്ച് ഇവന്റ് ചീഫ് വിനോദ് നമ്പ്യാർ നിർവഹിച്ചു. പ്രസിഡന്റ് ഷിബു വർഗീസ് അധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി പി.കെ. ജയരാജൻ, വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, ട്രഷറർ അബ്ദുൽ ഖാദർ തിരുവത്ര തുടങ്ങിയവർ പങ്കെടുത്തു.