അബുദാബി: അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന ചുവന്നകല്ല് രാജസ്ഥാനിൽനിന്ന്. ടൺ കണക്കിനുള്ള ചുവന്ന മണൽക്കല്ലുകൾ ഉടൻതന്നെ രാജസ്ഥാനിൽനിന്ന്‌ കടൽ മാർഗം അബുദാബിയിലേക്ക് എത്തിക്കും.

യു.എ.ഇ.യിലെ കാലാവസ്ഥയുടെ പ്രത്യേകത കണക്കാക്കി നടന്ന പഠനങ്ങൾക്ക് ശേഷം ഏറ്റവും അനുയോജ്യമായ കല്ലുകളാണ് ക്ഷേത്രനിർമാണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. 50 ഡിഗ്രി സെൽഷ്യസ് ചൂടിലും കേടുപാടുകളില്ലാതെ കാലങ്ങളോളം നിലനിൽക്കുന്നവയാണ് ഇത്. യൂറോപ്പിൽനിന്നെത്തിക്കുന്ന മാർബിളും ക്ഷേത്രനിർമാണത്തിൽ ഉപയോഗിക്കും.

അബുദാബി-ദുബായ് പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡിൽ അൽ റഹ്ബ പ്രദേശത്ത് ഗവൺമെന്റ് അനുവദിച്ച 13.7 ഏക്കർ സ്ഥലത്ത് ഈ വർഷം അവസാനത്തോടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമാവും. ഇന്ത്യയിലെ പുരാതന ക്ഷേത്രനിർമിതികളിൽനിന്ന് കടമെടുക്കുന്ന ശില്പ മാതൃകകൾക്ക് പുറമെ യു.എ.ഇ.യുടെ തനത് ശില്പകലാ ബിംബങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും ക്ഷേത്രം. സാധാരണ ഗതിയിൽ ക്ഷേത്ര ഗോപുരങ്ങൾക്ക് മൂന്നോ അഞ്ചോ ഗോപുരങ്ങളാണ് പതിവ്. എന്നാൽ അബുദാബിയിൽ ഉയരുന്ന ക്ഷേത്രത്തിന് യു.എ.ഇ.യിയോടുള്ള നന്ദി സൂചകമായി ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളാണ് ഉണ്ടാവുകയെന്ന് ക്ഷേത്രനിർമിതിയുടെ ചുമതലയുള്ള ബാപ്‌സ് സ്വാമിനാരായൺ സൻസ്ഥ വക്താക്കൾ വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർക്ക് വരാനും പ്രാർഥിക്കാനും അവസരമൊരുക്കുന്ന വിധമാണ് ക്ഷേത്രനിർമിതി. ക്ഷേത്രനിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ ജനങ്ങളുമായി പങ്കുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ www.mandir.ae എന്ന വെബ്‌സൈറ്റും കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.