അബുദാബി: സമാജം നാടകോത്സവത്തിലെ അഞ്ചാമത് നാടകം കനൽ ദുബായ് അവതരിപ്പിച്ച ‘പറയാത്ത വാക്കുകൾ’ അരങ്ങേറി. ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ‘എ വെരി ഓൾഡ് മാൻ വിത്ത് ഇനോർമസ് വിങ്‌സ്’ എന്ന കഥയാണ് പറയാത്ത വാക്കുകൾ എന്നപേരിൽ അവതരിപ്പിക്കപ്പെട്ടത്. ബിജു കെ. ചുഴലി തിരക്കഥയും സുധീർ ബാബുട്ടൻ സംവിധാനവും നിർവഹിച്ചു.

നിത്യജീവിതത്തിലെ സന്തോഷങ്ങളെയോ വിസ്മയങ്ങളെയോ കാണാനോ തിരിച്ചറിയാനോ ഉള്ള സാധാരണ മനുഷ്യന്റെ കഴിവില്ലായ്മയെയാണ് കഥയിലൂടെ വിവരിക്കുന്നത്. ലളിതവും മനോഹരവുമായ അവതരണത്തിലൂടെ പ്രേക്ഷകരിലേക്ക് നാടകത്തെ എളുപ്പത്തിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞു. ഏഴാം ദിവസമായ ഞായറാഴ്ച ഷൈജു അന്തിക്കാട് സംവിധാനംചെയ്ത് യുവകലാസാഹിതി അവതരിപ്പിക്കുന്ന ‘ഭൂപടം മാറ്റിവരക്കുമ്പോൾ’ എന്ന നാടകം അരങ്ങേറും.