അബുദാബി: അബുദാബി കോടതികളിൽ ഇനി മുതൽ ഹിന്ദി മൂന്നാം ഭാഷയാവും. ഇന്ത്യയിൽ നിന്നുള്ള നിരവധി തൊഴിലാളികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും നീതി ലഭിക്കാനുമെല്ലാം ഹിന്ദി മൂന്നാം ഭാഷയാവുന്നത് സഹായകരമാവും.

തൊഴിൽപ്രശ്നങ്ങളുമായി കോടതിയെ സമീപിക്കുന്ന സാധാരണതൊഴിലാളികൾക്ക് ഭാഷ മനസ്സിലാവാത്തതിനാൽ നിരവധി പ്രയാസങ്ങളാണ് അനുഭവിക്കേണ്ടിവരുന്നത്. പ്രതിഭാഗം അറബിഭാഷ കൈകാര്യം ചെയ്യാനറിയാത്തവരാണെങ്കിൽ സിവിൽ, കൊേമഴ്സ്യൽ കേസുകളിൽ ഇംഗ്ലീഷ് വിവർത്തനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞവർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹിന്ദി മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം.

വിദഗ്ധ തൊഴിലാളികൾക്ക് മികച്ച സാധ്യതയുള്ള നഗരമായി അബുദാബിയെ മാറ്റാനും വിദേശനിക്ഷേപം കൂട്ടാനും ഈ തീരുമാനം സഹായിക്കുമെന്ന് നിയമ വകുപ്പ് അണ്ടർ സെക്രട്ടറി യൂസഫ് സായിദ് അൽ അബ്രി പറഞ്ഞു.