അബുദാബി: യാസ് മറീന സർക്യൂട്ടിൽ തീ പാറിയ ഫോർമുല വൺ ഗ്രാൻപ്രി ഫൈനലിൽ കഴിഞ്ഞവർഷത്തെ ചാമ്പ്യനായ മെഴ്‌സിഡസിന്റെ വോൾട്ടേരി ബോട്ടസിനെ നിഷ്‌പ്രഭനാക്കി മെഴ്‌സിഡസിന്റെ ത്തന്നെ ലൂയി ഹാമിൽട്ടൺ കിരീടത്തിൽ മുത്തമിട്ടു. 1 മണിക്കൂർ 39 മിനിറ്റ്‌ 40.382 സെക്കൻഡ്‌ എന്ന സമയത്തിൽ 55 ലാപ്പ് തീർത്താണ് ഹാമിൽട്ടൺ കിരീടം സ്വന്തമാക്കിയത്.

ലോകചാമ്പ്യനായ ഹാമിൽട്ടന്റെ നാലാം ഫോർമുല വൺ കിരീടമാണിത്. ഇതോടെ ഈ ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം വിജയംനേടുന്ന താരമെന്ന ബഹുമതിക്കും ഈ ബ്രിട്ടീഷ് അതിവേഗഡ്രൈവർ അർഹനായി. ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ, റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പെൻ, ഡാനിയേൽ റിക്കാഡിയോ എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടിയത്. വോൾട്ടേരി ബോട്ടസ് ഹാമിൽട്ടന് ഭീഷണിയുമായി ട്രാക്കിൽ നിറഞ്ഞുനിന്നെങ്കിലും ബ്രേക്ക് സംബന്ധമായ പ്രശ്നംക്കൊണ്ട് വേഗം കുറയ്ക്കുകയായിരുന്നു. അദ്ദേഹം ഫൈനലിൽ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മത്സരത്തിന്റെ ഒന്നാം ലാപ്പിൽ റെനോയുടെ നിക്കോ ഹൽകാൻബർഗും ഹാസിന്റെ റൊമെയ്ൻ ഗ്രോസ്ജിയനുമോടിച്ച കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപ്പിടിച്ചത് യാസിലെ ട്രാക്കിൽ നാടകീയമുഹൂർത്തങ്ങൾ സൃഷ്ടിച്ചു. എന്നാൽ പരിക്കുകളൊന്നും ഇല്ലാതെ ഡ്രൈവർമാർ രക്ഷപ്പെട്ടു.