അബുദാബി: ലോകത്തിലെ അതിവേഗത്തിന്റെ മത്സരമായ പത്താമത് ഫോർമുല വൺ ഗ്രാൻഡ്‌ പ്രീക്ക് അബുദാബിയിൽ ട്രാക്കൊരുങ്ങി. നവംബർ 23-25 തീയതികളിൽ യാസ് മറീന സർക്യൂട്ടിൽ നടക്കുന്ന കാറോട്ട മത്സരത്തിന് മുന്നോടിയായി വലിയ രീതിയിലുള്ള ആഘോഷ പരിപാടികളാണ് അബുദാബിയിലെ വിവിധ വേദികളിലായി നടക്കുന്നത്. അബുദാബിയിൽ ഏറ്റവുമധികം സന്ദർശകരെത്തുന്ന പരിപാടിയാണ് ഫോർമുല വൺ ഗ്രാൻഡ്‌പ്രീ. അതുകൊണ്ടുതന്നെ നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും വരുംദിനങ്ങൾ വിദേശികളായ സന്ദർശകരെക്കൊണ്ട് നിറയും. വിനോദസഞ്ചാര, സാംസ്കാരികവകുപ്പിന്റെ കണക്കുകൾ പ്രകാരം 60,000-ലധികം കാണികളാണ് മൂന്നുദിവസം നീണ്ട് നിൽക്കുന്ന മത്സരം കാണാൻ എത്തുക. ഇതിൽ പകുതിയിലധികവും വാഹനപ്രേമികളായ വിദേശികളായിരിക്കും. മാസങ്ങൾക്കുമുമ്പ്‌ തന്നെ മത്സരങ്ങളുടെ ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ഇതിനോടകം തന്നെ ഹോട്ടൽ ബുക്കിങ്ങിൽ പത്ത് ശതമാനത്തിലധികം വർധയുണ്ടായിട്ടുണ്ട്.

bbമത്സരം മാത്രമല്ല ആഘോഷ പരിപാടികളും

bbമത്സരങ്ങൾക്കായി യു.എ.ഇ.യിൽ എത്തുന്ന സഞ്ചാരികൾക്കായി വിവിധ പരിപാടികളാണ് വിനോദസഞ്ചാര സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. അബുദാബിയിലെ പ്രധാനപ്പെട്ട ഷോപ്പിങ് കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ‘സൂപ്പർ ഡീൽ’ പദ്ധതിയാണ് ഇതിലൊന്ന്. മികച്ച വിലയിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരമാണ് ഗവൺമെന്റ് ഒരുക്കുന്നത്. യാസ് മാൾ, മറീന മാൾ, ഡൽമ മാൾ, അൽ വഹ്ദ മാൾ, ബവാദി മാൾ, അൽ ഐൻ മാൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. ഗ്രാൻഡ്‌ പ്രീക്ക് മുന്നോടിയായുള്ള യാസലാം പരിപാടികൾക്ക് ഇതിനോടകം തുടക്കമായി. അബുദാബി കോർണിഷ്, മറീന തുടങ്ങിയ ഭാഗങ്ങളിലെല്ലാം ആഘോഷങ്ങൾ നടക്കുന്നുണ്ട്. നൃത്തസംഗീത പരിപാടികളും വാഹനപ്രേമികൾക്കായുള്ള പ്രത്യേകം പരിപാടികളും ഉൾക്കൊള്ളുന്നതാണ് ഇത്. മുതിർന്നവർക്കും കുട്ടികൾക്കുമായി പലതരം കളികൾ, കാറോട്ട മത്സരം എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതയാണ്. സൂപ്പർ ടാക്സി പദ്ധതിയാണ് മറ്റൊന്ന്. യാസലാമിന്റെ ഭാഗമായി നടക്കുന്ന ആഘോഷങ്ങൾക്ക് സന്ദർശകർക്ക് സൂപ്പർ കാറുകളായ റോൾസ് റോയ്‌സ്, ബെന്റ്‌ലി, ലംബോർഗിനി, മസെരാട്ടി തുടങ്ങിയവയിൽ എത്തിച്ചേരാനുള്ള അവസരമാണ് സൂപ്പർ ടാക്സി ഒരുക്കുന്നത്. അബുദാബി വാർണർ ബ്രോസ്, ലൂവ്ര് അബുദാബി, മനാറത് അൽ സാദിയത്, ഫെറാരി വേൾഡ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ ഒഴുക്കായിരിക്കും. രാത്രി വൈകിയും പ്രവർത്തിക്കുന്ന ഭക്ഷണശാലകളും ഇതിനോടകം സജീവമായിക്കഴിഞ്ഞു.