അബുദാബി: അബുദാബി പുസ്തകോത്സവത്തിന് ചൊവ്വാഴ്ച സമാപനമാവും. അതിഥിരാഷ്ട്രമായ ഇന്ത്യൻ പവിലിയനിൽ നടന്ന എഴുത്തുകാരുടെ സജീവ സംവാദങ്ങളും സാംസ്കാരിക പരിപാടികളുമായിരുന്നു പുസ്തകോത്സവത്തിലെ പ്രധാനപ്പെട്ട കാഴ്ചകൾ. അറബ് ലോകത്തെ സാഹിത്യരംഗങ്ങളിലെ പുതിയ കാൽവെപ്പുകൾക്ക് നിറം പകർന്ന മേളയായി ഇത്തവണത്തേത്. യു.എ.ഇ.യിൽ നിന്നുള്ള നിരവധി യുവ എഴുത്തുകാരുടെ സൃഷ്ടികളാണ് പുസ്തകോത്സവത്തിൽ അവതരിപ്പിച്ചത്. കഥകളും കവിതകളും കടങ്കഥകളും കുട്ടികൾക്കായി പകർന്ന് നൽകാനുള്ള പ്രത്യേക പരിപാടിയിൽ യു.എ.ഇ.യിലെ നിരവധി സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ഭാഗമായി. ലോകത്തിന്റെ പല കോണുകളിൽ നിന്നുള്ള എഴുത്തുകാരും പ്രസാധകരും പുസ്തകോത്സവത്തെ സജീവമാക്കി.

നൈജീരിയൻ കവി ബെൻ ഓക്രി, യു.എ.ഇ. കവി അഫ്ര ആതിഖ്, ലബനൻ കവി സൈന ഹാഷിം ബെക്, അയർലണ്ടിൽനിന്നുള്ള എഴുത്തുകാരൻ ഫ്രാങ്ക് ഡൊലോഗാൻ, യു.എ.ഇ. എഴുത്തുകാരൻ ഡോ.തലാൽ അൽ ജുനൈബി എന്നിവർ പുസ്തകോത്സവത്തിന്റെ ആറാം ദിനം അവതരണം നടത്തി.

മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ’എക്‌സ്‌പ്ലോറിങ് ദി ലൈഫ് ഓഫ് മഹാത്മ’ എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരൻ ബിരാദ് രാജാറാം യാജ്ഞിക് തിങ്കളാഴ്ച നടന്ന ചടങ്ങിൽ വിശദീകരിച്ചു. അഹിംസാ വാദത്തിലൂടെ നവ ഇന്ത്യയെ വാർത്തെടുത്ത ഗാന്ധിയുടെ ജീവിതത്തെ കേൾക്കാൻ സ്വദേശികളുൾപ്പെടെ നിരവധിപ്പേർ സദസ്സിൽ അണിനിരന്നു.

Content Highlights: Abu dhabi book fest