അബുദാബി: ഫോർമുല വൺ ഗ്രാന്റ്പ്രീയുടെ ഭാഗമായി നടന്ന എഫ് വൺ ഇൻ സ്‌കൂൾ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഫാർമുല വൺ ഗ്രാൻപ്രീയിൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ചെറുമാതൃക നിർമാണമാണ് ലോകത്താകമാനമുള്ള തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന എഫ് വൺ ഇൻ സ്കൂൾ. ശാസ്ത്രം, സാങ്കതികവിദ്യ, എൻജിനിയറിങ്, ഗണിതം എന്നീ വിഷയങ്ങളിലെ മികവാണ് ഈ മത്സരത്തിനാധാരം.

ഒമ്പത് മുതൽ 19 വയസ് വരെ പ്രായമുള്ള കുട്ടികളുടെ ആറുപേരോളം അടങ്ങുന്ന സംഘമായാണ് മത്സരത്തിൽ പങ്കെടുത്തത്. ഈ വാഹനം ഫോർമുല വൺ റേസിങ് ട്രാക്കിന്റെ ചെറുമാതൃകയിൽ കുറ്റമറ്റരീതിയിൽ പ്രവർത്തിപ്പിക്കുകയും ചെയ്യും. ഇതിന്റെ കൃത്യതയും സാങ്കതികതയും വിലയിരുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

22 രാജ്യങ്ങളിൽ നിന്നുള്ള 55 സ്കൂളുകളാണ് ഇത്തവണമത്സരത്തിൽ പങ്കെടുത്തത്. യു.കെ.യിലെ ക്വീൻ എലിസബത്ത് സ്കൂളിൽനിന്നുള്ള വിദ്യാർഥികളുടെ ടീമായ ഇവോൾവ് യു.കെ.യാണ് വിജയികളായത്. രണ്ടാം സ്ഥാനം ജർമനിയിലെ ജിംനാസിയം അന്ററീഡെൻ സ്കൂളിലെ ടീം ഫ്യൂഷനും മൂന്നാംസ്ഥാനം യു.കെ.യിലെ റിഷ്വർത്ത് സ്കൂളിലെ ടീം അഫ്‌ലക്സ് ഹോസ് സെഞ്ചുറിയൻ റേസിങ്ങും സ്വന്തമാക്കി.

ദുബായ് ജെംസ് വേൾഡ് അക്കാദമിയിലെ ഡെൽറ്റ എക്സ് 15, ബ്ലൂ കമെറ്റ് റേസിങ് എന്നിങ്ങനെ യു.എ.ഇ.യിൽനിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കാളികളായിരുന്നു. യാസ് മറീന സർക്യൂട്ടിൽ നടന്ന വർണാഭമായ ചടങ്ങിൽ സി.ഇ.ഒ. അൽ താരിഖ് അൽ അമീരി, ഫോർമുല വൺ ഗ്രൂപ്പ് സി.ഇ.ഒ. ചേസ് കാരി, ഫോർമുല വൺ മുൻ ചാമ്പ്യൻ നികോ റോസ്‌ബെർഗ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.