അബുദാബി: സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിന് അബുദാബി പ്രസിഡൻഷ്യൽ ടെർമിനലിൽ ഊഷ്മള സ്വീകരണം. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ നേരിട്ടെത്തിയാണ് കിരീടാവകാശിയെ സ്വീകരിച്ചത്.
ഈ വർഷത്തെ അദ്ദേഹത്തിന്റെ രണ്ടാമത്തെ യു.എ.ഇ. സന്ദർശനമാണിത്. യു.എ.ഇ.യിലെ വിവിധ വകുപ്പ് മന്ത്രിമാർ സൽമാൻ രാജകുമാരന് സ്വാഗതമേകിക്കൊണ്ട് ട്വിറ്ററിൽ സന്ദേശങ്ങൾ കുറിച്ചു. സൽമാൻ രാജകുമാരനെ സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി യു.എ.ഇ. വിദേശകാര്യമന്ത്രി അൻവർ മുഹമ്മദ് ഗർഗാഷ് അറിയിച്ചു.