അബുദാബി: നിർധനരായ പ്രവാസികൾക്ക് അബുദാബി കെ.എം.സി.സി. ഭവനപദ്ധതി ആവിഷ്കരിക്കുന്നു. 35 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയിട്ടും സ്വന്തമായി വീടുവെക്കാൻ കഴിയാത്തവർക്കാണ് ‘ഔർ നെസ്റ്റ്’ പദ്ധതിയിലൂടെ വീടുകൾ നിർമിച്ചുനൽകുന്നതെന്ന് കെ.എം.സി.സി. ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

യു.എ.ഇ.യിൽ പ്രവാസജീവിതം തുടരുന്ന ഇതിന് അർഹതപ്പെട്ടവർക്ക് ഡിസംബർ ഇരുപതിനകം ഇസ്‌ലാമിക് സെന്ററിലോ, കെ.എം.സി.സി.യിലോ ബന്ധപ്പെടാം. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയ വിഷ്ണുവെന്ന ആദിവാസി ബാലനും വീട് നിർമിച്ചുനൽകും. കേരളാ ഗൾഫ് സോക്കർ മൂന്നാം സീസൺ മാർച്ച് 27-ന് സംഘടിപ്പിക്കും. യു.എ.ഇ.യിൽ ജോലിതേടിവരുന്ന സാധാരണക്കാരായവർക്ക് തൊഴിൽസാധ്യതകൾ ഒരുക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ അവർക്ക് ജോലി ലഭിക്കുന്നതുവരെ ഭക്ഷണത്തിനുള്ള സൗകര്യവും കെ.എം.സി.സി. ലഭ്യമാക്കും.

കെ.എം.സി.സി. കെയറിലൂടെ പ്രവാസി കുടുംബങ്ങൾക്ക് വിവിധ സഹായം ലഭ്യമാക്കും. അബുദാബിയിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്ക് കരിയർ സംബന്ധമായതും സാമൂഹികപ്രവർത്തന ബോധവുമുണ്ടാക്കുന്ന ക്ലാസുകൾ ലഭ്യമാക്കാനും പദ്ധതിയുണ്ട്. പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്കൽ, ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, പി.കെ. അഹമ്മദ്, അസീസ് കാളിയാടൻ, റഷീദ് പട്ടാമ്പി, സഫീഷ് അസീസ് എന്നിവർ പങ്കെടുത്തു.