അബുദാബി: കേരള സോഷ്യൽ സെന്റർ കേരളോത്സവം 2019 സമാപിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങളിലെ പ്രധാന ആകർഷണമായ 101 സമ്മാനങ്ങളുള്ള നറുക്കെടുപ്പിൽ ഒന്നാംസമ്മാനം 20 പവൻ സ്വർണം അങ്കമാലി സ്വദേശിനി മാഗി ജോണിന് ലഭിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ്‌ എ.കെ. ബീരാൻ കുട്ടി, അൽമസൂദ് പ്രതിനിധി പ്രകാശ് പള്ളിക്കാട്ടിൽ എന്നിവർ ചേർന്ന് മാഗി ജോണിന് സ്വർണനാണയങ്ങൾ സമ്മാനിച്ചു.

അബുദാബി ശൈഖ് ഖലീഫ ഹോസ്പിറ്റലിലെ ജീവനക്കാരിയാണ് അങ്കമാലി സ്വദേശിനിയായ മാഗി ജോൺ. മാഗിയുടെ പിറന്നാൾ ദിനം തന്നെ ഭാഗ്യസമ്മാനം ലഭിച്ചുവെന്ന പ്രത്യേകതയുമുണ്ട്. രാത്രി 10.45-ന് ആരംഭിച്ച നറുക്കെടുപ്പ് രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. വൻ ജനാവലിയാണ് നറുക്കെടുപ്പിനും സമാപന സമ്മേളനത്തിനും സാക്ഷിയാവാൻ എത്തിച്ചേർന്നത്. ലുലു ഗ്രൂപ്പ് പ്രതിനിധികളായ ബിജു കൊട്ടാരത്തിൽ, ബിജുനായർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.