abu dhabiഅബുദാബി: കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ട് പുറത്തിറക്കിയ മൊബൈൽ ആപ്പ് ‘ഹെമയാതി’ ഉപയോഗിച്ചത് ഇരുപതിനായിരത്തിലേറെ പേരെന്ന് യു.എ.ഇ. ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. 2018 ജനുവരി മുതലാണ് ആപ്പ് പ്രവർത്തനമാരംഭിച്ചത്. കുട്ടികൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ പങ്കുവെക്കാനും നടപടി കൈക്കൊള്ളാനുമുള്ള സൗകര്യപ്രദമായ വേദിയെന്നോണമാണ് ആപ്പ് പ്രവർത്തിച്ചത്.

ഇതിനോടകം 20,750 പേരാണ് ആപ്പ് ഉപയോഗിച്ചത്. കുട്ടികൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കൈകാര്യംചെയ്യാൻ കൺസൾട്ടിങ് അടക്കമുള്ള സേവനങ്ങൾ ആപ്പ് വഴി എളുപ്പത്തിൽ ലഭ്യമാക്കിയിരുന്നു.

ആപ്പിൾ, ആൻഡ്രോയിഡ് സ്റ്റോറുകളിൽ ലഭ്യമായിരുന്ന ആപ്പ് കുടുംബങ്ങൾക്ക് വലിയ ആശ്വാസം പകരുന്ന ഒന്നായിരുന്നു. ഇരയുടെ വിവരങ്ങൾ അതീവ രഹസ്യമായി വെച്ചുകൊണ്ടാണ് മറ്റുപ്രവർത്തനങ്ങൾ നടന്നിരുന്നത്. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഡോക്ടർമാർക്കും കുട്ടികൾക്കുമെല്ലാം എളുപ്പത്തിൽ ഉപയോഗിക്കാനാവുംവിധമാണ് ആപ്പ് രൂപകൽപ്പന ചെയ്തിരുന്നത്.

വകുപ്പിന്റെ കീഴിലുള്ള വിദഗ്ധ സംഘമാണ് ആപ്പ് വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണങ്ങൾ നടത്തിയിരുന്നത്. കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ അറിയിക്കാനായി 116111 എന്ന ഹോട്ട് ലൈൻ നമ്പറും 2015-ൽ മന്ത്രാലയം ലഭ്യമാക്കിയിരുന്നു.