abu dhabiഅബുദാബി: കനത്ത ചൂടിന് ശമനമായതോടെ അബുദാബിയിലെ പൂച്ചെടി മാർക്കറ്റുകളും സജീവമാകുന്നു. മിനയിലെ ചെടിത്തെരുവിൽ ഇപ്പോൾ തിരക്കേറുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെടികളാണ് മിനയിലെ കടകളിൽ വിൽക്കുന്നത്. തണുപ്പ് കാലത്ത് ചെടികൾ ആരോഗ്യത്തോടെ നിൽക്കുമെന്നത് ഉപഭോക്താക്കളെ ഇപ്പോൾ ഇവിടേക്ക് കൂടുതൽ അടുപ്പിക്കുന്നു.

ഫ്ലാറ്റുകളിലേയും വില്ലകളിലേയും പരിമിതമായ സൗകര്യത്തിൽ വളർത്താവുന്ന ചെടികളാണ് ഇവിടെയുമുള്ളത്. മുറികളിൽ ചെടികൾ വളർത്തുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയതായി കച്ചവടക്കാർ പറയുന്നു. അതുകൊണ്ടുതന്നെ ചട്ടിയിൽ പൂത്തു നിൽക്കുന്ന ചെടികൾക്ക് ആവശ്യക്കാരേറെയാണ്. ബോൺസായികൾക്കും ആവശ്യക്കാരുണ്ട്. വലിയ വാഹനങ്ങളിലെത്തി മൊത്തമായി ചെടികൾ വാങ്ങുന്ന സ്വദേശികൾക്ക് പുറമെ ചില പ്രത്യേക ചെടികൾക്ക് മാത്രമായെത്തുന്നവരുമുണ്ട്.

ചെടിച്ചട്ടിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന നാരങ്ങകളും ചെറുനാരങ്ങകളും ഇവിടെയുണ്ട്. ഒരു ദിർഹം മുതലുള്ള ചെടികൾ മാർക്കറ്റിൽ ലഭ്യമാണ്. ഒരു കുടുംബത്തിന്റെ ആവശ്യങ്ങൾക്കുതകുന്ന തരത്തിൽ തുളസി, കറിവേപ്പില, മല്ലിയില, പുതിനയില എന്നിവയെല്ലാം വിൽപ്പനക്കുണ്ട്. ചെടി വാങ്ങാനെത്തുന്നവരിൽ മലയാളികളും ഏറെയാണെന്ന് കച്ചവടക്കാർ പറയുന്നു. ചൂടുകാലത്ത് ചെടികൾ മുറികളിൽ പിടിച്ചുകിട്ടാൻ പ്രയാസമാണ്. എന്നാൽ ഇപ്പോൾ നട്ടുപിടിപ്പിച്ച് ആവശ്യമായ പരിചരണം നൽകിയാൽ വേനൽക്കാലത്തും അവ നിലനിൽക്കുമെന്നും കച്ചവടക്കാർ പറയുന്നു. ഒരേ ചെടിയിൽ തന്നെ അഞ്ചും ആറും നിറങ്ങളുള്ള പൂ വിരിയുന്ന ബോഗൺവില്ലയും പൂത്തുലഞ്ഞ് നിൽക്കുന്ന അനാറും ഓറഞ്ചുമെല്ലാം ഇവിടം സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമാക്കി മാറ്റുകയാണ്.

അബുദാബിയിലെ പ്രധാന മീൻ മാർക്കറ്റിനോടും തുറമുഖത്തോടും ചേർന്നാണ് ഈ ചെടി മാർക്കറ്റ് സ്ഥിതിചെയ്യുന്നത്. ഇതുരണ്ടും സന്ദർശകരെത്തുന്ന കേന്ദ്രങ്ങളാണ്. അതുകൊണ്ട് അബുദാബി സന്ദർശിക്കാൻ എത്തുന്ന വിദേശികൾ കാഴ്ചയുടെ ചെറുവസന്തം ഒരുക്കുന്ന പൂച്ചെടിത്തെരുവും കാണാതെ മടങ്ങാറില്ല.