അബുദാബി: മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിച്ച് നീക്കാനുള്ള സുപ്രീംകോടതി വിധി ഗവൺമെന്റിനടക്കം നൽകുന്നത് നിയമങ്ങൾ കർശനമായി നടപ്പാക്കാനുള്ള സന്ദേശമെന്ന് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. അബുദാബിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയിരുന്നു മന്ത്രി. കേരളത്തിലെത്തുമ്പോൾ നിയമം ലംഘിക്കുന്നതിനെക്കുറിച്ചാണ് ആളുകൾ ചിന്തിക്കുന്നത്, എന്നാൽ ഗൾഫിലെത്തുമ്പോൾ നിയമംപാലിച്ചില്ലെങ്കിൽ സംഭവിച്ചേക്കാവുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയാണ് ആളുകൾ ചിന്തിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമം പാലിക്കുകയെന്നത് ഒരു പൗരന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണ്.

അതിൽ വീഴ്ച വരുമ്പോൾ ദോഷഫലങ്ങൾ അവർ അനുഭവിക്കേണ്ടി വരും. അതുകൊണ്ടുതന്നെ മരടിലെ വിധി ശക്തമായ സന്ദേശമാണ് ഗവണ്മെന്റിനും പൗരന്മാർക്കും നൽകുന്നത്. ഇടതുപക്ഷ ജനാധിപത്യ ഗവണ്മെന്റിന്റെ ജനപ്രീതി തെളിയിക്കുന്നതാണ് കേരളത്തിലെ നിയമസഭ ഉപതിരഞ്ഞെടുപ്പ് വിജയം. എൽ.ഡി.എഫിന്റെ അവശേഷിക്കുന്ന ഒന്നരവർഷത്തെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം നൽകുന്നതാണിത്. ഈ പുത്തനുണർവ് വീണ്ടും കേരളത്തിൽ ഇടതുപക്ഷത്തിനെ അധികാരത്തിലേറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഗവൺമെന്റിന്റെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാൽ അതൊന്നും ചർച്ചചെയ്യാൻ കേരളത്തിലെ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. മഞ്ചേശ്വരത്ത് യു.ഡി.എഫ്. വിജയം നേടിയത് സാമുദായിക ചേരിതിരിവ് ഉണ്ടാക്കിയാണ്. മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനായി വലിയ സംഘടിത പ്രവർത്തനമാണ് മഞ്ചേശ്വരത്ത് നടന്നതെന്നും അദ്ദേഹം പറഞ്ഞു. യുവകലാ സാഹിതി അബുദാബി സംഘടനാ സെക്രട്ടറി റോയ് ഐ. വർഗീസ്, കെ.എസ്.സി. പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി എന്നിവർ പങ്കെടുത്തു.