അബുദാബി: മൂന്നുവർഷത്തെ സേവനം പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻസ്ഥാനപതി നവ്ദീപ് സിങ് സൂരിക്ക് ഓർഡർ ഓഫ് സായിദ് II ഫസ്റ്റ്ക്ലാസ് ബഹുമതി. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻസായിദ് അൽനഹ്യാന്റെ ഉത്തരവുപ്രകാരം അബുദാബി മന്ത്രാലയത്തിൽ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് പുരസ്‌കാരം നൽകിയത്.

വിദേശകാര്യ, അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻസായിദ് അൽനഹ്യാൻ സ്ഥാനപതിക്ക് പുരസ്‌കാരം സമ്മാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കാണ് ബഹുമതി. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധംശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ സ്ഥാനപതിയുടെ പങ്കിനെ ശൈഖ് അബ്ദുല്ല പ്രശംസിച്ചു.

ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷിബന്ധത്തിൽ ശ്രദ്ധേയമായ മാറ്റമുണ്ടായ കാലഘട്ടത്തിൽതന്നെ ഇന്ത്യയെ പ്രതിനിധീകരിക്കാനായതിലും ഈ അപൂർവ ബഹുമതി ശൈഖ് ഖലീഫയിൽനിന്ന് നേടാനായതിലും ഏറെ സന്തോഷമുണ്ടെന്ന് നവ്ദീപ്‌സിങ് സൂരി പറഞ്ഞു. സർക്കാർവകുപ്പുകൾ, ഉദ്യോഗസ്ഥർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരോടും അദ്ദേഹം നന്ദിയറിയിച്ചു. എംബസിയിലും കോൺസുലേറ്റിലുമുള്ള എല്ലാ അംഗങ്ങളുടെയും പ്രതിനിധിയെന്ന നിലയിലാണ് ഈ ബഹുമതി ഏറ്റുവാങ്ങിയതെന്ന് നവ്ദീപ്‌സിങ് സൂരി കൂട്ടിച്ചേർത്തു.

2016 ഒക്ടോബർ മുതൽ സൂരി ഇന്ത്യൻ സ്ഥാനപതിയായിരുന്നു. ഇക്കാലത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണ യു.എ.ഇ സന്ദർശിച്ചിട്ടുണ്ട്. പവൻ കപൂറാണ് അടുത്ത ഇന്ത്യൻ സ്ഥാനപതി.