അബുദാബി: മലയാളി സമാജത്തിൽ നടന്നുവന്ന കുട്ടികളുടെ സമ്മർക്യാമ്പ് ‘ചങ്ങാതിക്കൂട്ടം 19’ സമാപിച്ചു. കേരളീയ സംസ്കാരം ഓർമിപ്പിക്കുന്ന ചെണ്ടമേളയും പുലിക്കളിയും നാടൻ കലാരൂപങ്ങളും ഘോഷയാത്രയും സമാപന സമ്മേളനത്തെ വേറിട്ടതാക്കി. ക്യാമ്പ് ഡയറക്ടർ കൂടിയായ അലക്സ് താളൂപാടത്ത് രചനയും സംവിധാനവും നിർവഹിച്ച ചവിട്ട് നാടകമായിരുന്നു മുഖ്യ ആകർഷണം. സമാജത്തിലെ സജീവപ്രവർത്തകർ വേഷമിട്ട് 15 ദിവസം കൊണ്ട് ചിട്ടപ്പെടുത്തിയ നാടകം യു.എ.ഇ. യിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്. ക്യാമ്പിൽ തയ്യാറാക്കിയ നാടൻ പാട്ടുകളും തിരുവാതിരക്കളി, ഒപ്പന, വിവിധ സംഗീത പരിപാടികൾ എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചത് ഹൃദ്യമായ അനുഭവമായി.

ക്യാമ്പ് അംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്മരണിക സമാജം വൈസ്‌പ്രസിഡന്റ് സലീം ചിറക്കലിന് നൽകി മാധ്യമപ്രവർത്തകൻ അബൂബക്കർ പ്രകാശനം ചെയ്തു. സമാജത്തിന്റെ സമ്മർക്യാമ്പുകളിലെ തിളക്കമുള്ള അംഗമായിരുന്ന അകാലത്തിൽ പൊലിഞ്ഞുപോയ അനുരാഗിന്റെ സ്മരണയ്ക്കായി പിതാവ് സുബ്രഹ്മണ്യൻ ക്യാമ്പ് അംഗങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. യു.എ.ഇ. എക്സ്‌ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ, ക്യാമ്പ് കോ-ഓർഡിനേറ്റർ ഷാജികുമാർ, അജയഘോഷ്, സമാജം വൈസ് പ്രസിഡന്റ് സലീം ചിറക്കൽ, കലാവിഭാഗം സെക്രട്ടറി രേഖിൻ, വനിതാവിഭഗം കൺവീനർമാർ ഷഹനാ മുജീബ്, ഷബ്‌നാ ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ. ജയരാജ് സ്വാഗതം പറഞ്ഞു. സമാജം ട്രഷറർ അബ്ദുൾ ഖാദർ നന്ദി പറഞ്ഞു.