ബെയ്ജിങ്: ഉഭയകക്ഷി ബന്ധം ശക്തമാക്കി അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചൈന പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി.

ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക, ശാസ്ത്ര, സാംസ്കാരിക രംഗങ്ങളിലെ ബന്ധം ശക്തമാക്കാനുള്ള നടപടികളെക്കുറിച്ച് ഭരണാധികാരികൾ സംസാരിച്ചു. ദേശീയ-അന്തർദേശീയ വികസനങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകൾ ശൈഖ് മുഹമ്മദ് ഷി ജിൻപിങ്ങിനെ അറിയിച്ചു. ചൈനീസ് റിപ്പബ്ലിക്കിന്റെ എഴുപതാം വാർഷികത്തിന് ശൈഖ് മുഹമ്മദ് ആശംസ നേർന്നു. സാങ്കേതിക രംഗം, ബഹിരാകാശം, വ്യവസായം, നിക്ഷേപം, ഊർജം, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിൽ യു.എ.ഇ.യും ചൈനയും പിന്തുടർന്നുവരുന്ന പങ്കാളിത്തം ഏറെ ശക്തമാണെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

ചൈന തുടക്കം കുറിച്ച ബെൽറ്റ് റോഡ് പദ്ധതിയെക്കുറിച്ചുള്ള മതിപ്പ് ശൈഖ് മുഹമ്മദ് അറിയിച്ചു. ലോക സമാധാനത്തിനും സഹവർത്തിത്വത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേ രാഷ്ട്രങ്ങൾ കൈക്കൊള്ളുന്ന നടപടികൾ കണിശതയോടെയുള്ളതാണ്. ഗൾഫ് മിഡിൽ ഈസ്റ്റ് മേഖലയിലെ സമുദ്ര ഗതാഗതത്തിന് ചൈനയടക്കമുള്ള രാജ്യങ്ങൾ നൽകുന്ന സംരക്ഷണം എണ്ണ വിപണിക്ക് വലിയ ശക്തിപകരുന്നതാണെന്നും ഉഭയകക്ഷിബന്ധം വരും നാളുകളിൽ കൂടുതൽ ദൃഢമാകുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സുശക്തമാക്കുന്നതിൽ ശൈഖ് മുഹമ്മദിന്റെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. വിശ്വാസ്യതയും താത്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് എന്നും രാജ്യങ്ങൾ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ. ഉപപ്രധാനമന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എയർപോർട്ട് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തനൂൻ അൽ നഹ്യാൻ, ധനമന്ത്രി സുൽത്താൻ ബിൻ സായിദ് അൽ മൻസൂരി, ഊർജ വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫരാജ് ഫാരിസ് അൽ മാസ്‌റോയി, വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമാദി, സാംസ്കാരിക വൈജ്ഞാനിക മന്ത്രി നൗറ ബിൻ മുഹമ്മദ് അൽ കാബി, സ്റ്റേറ്റ് മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ, നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലി ബിൻ ഹമദ് അൽ ഷംസി, ചൈനയിലെ യു.എ.ഇ. സ്ഥാനപതി ഡോ. അലി ഒബൈദ് അൽ ദാഹിരി തുടങ്ങിയ യു.എ.ഇയിൽ നിന്നുള്ള പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ ഭാഗമായി.