അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനലിന്റെ മുഴുവൻ സംവിധാനങ്ങളുടെയും പ്രവർത്തന പരിശോധന നടത്തി. അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ടെർമിനൽ മേഖലയിലെ ഏറ്റവും മികച്ച ഒന്നായിരിക്കും. 800-ഓളം സന്നദ്ധപ്രവർത്തകരും രണ്ട് ഇത്തിഹാദ് ജെറ്റുകളും പരിശോധനയുടെ ഭാഗമായി.

ടെർമിനലിലെ സാങ്കേതികസംവിധാനങ്ങളുടെ പ്രവർത്തനരീതികളും യാത്രികർക്കായി തുറന്നു നൽകാൻ എത്രത്തോളം തയ്യാറാണെന്നത് വിലയിരുത്താനാണ് പരിശോധന നടത്തിയത്. സാധാരണ യാത്രികരെപ്പോലെ ടെർമിനലിൽ എത്തിയ സന്നദ്ധ പ്രവർത്തകർ സുരക്ഷാവാതിലിലൂടെ കടന്നുപോയി ബാഗേജ് പരിശോധിച്ച് വിമാനത്തിൽ കയറി. എയർബസ് എ 330-200, എ 330-300 എന്നീ വിമാനങ്ങളാണ് സുരക്ഷാ പരിശോധനയ്ക്കായി ഉപയോഗിച്ചത്. ലോഡിങ്, ഇന്ധനം നിറയ്ക്കൽ, സുരക്ഷാ പരിശോധനകൾ എന്നിവ ഉൾപ്പെടെ 80 മിനിറ്റ് ദൈർഘ്യമുള്ള സുരക്ഷ പരിശോധനയാണ് വിമാനത്തിലുണ്ടായത്. ഇമിഗ്രേഷൻ ഡെസ്കുകൾ, സുരക്ഷ, ബാഗേജ് കൈകാര്യം ചെയ്യൽ, കസ്റ്റംസ് എന്നിവയുടെ പ്രവർത്തനവും വിലയിരുത്തി.

മിഡ്‌ഫീൽഡ് ടെർമിനൽ ഈ വർഷം അവസാനം യാത്രികർക്കായി തുറന്നുകൊടുക്കുമെന്ന് അബുദാബി വിമാനത്താവളം ചീഫ് എക്സിക്യുട്ടീവ് ബ്രയാൻ തോംസൺ അറിയിച്ചു. ടെർമിനലിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും വിലയിരുത്തിയത് പദ്ധതിയുടെ സുപ്രധാന കാര്യമാണ്. മിഡ്ഫീൽഡ് ടെർമിനൽ പൂർണ നിലയിൽ തുറക്കുന്നതോടെ മണിക്കൂറിൽ 8,500 യാത്രികർക്ക് സഞ്ചരിക്കാൻ കഴിയും. പ്രതിവർഷം ഒരു കോടി യാത്രികർക്ക് ടെർമിനൽ വഴി യാത്രചെയ്യാൻ കഴിയും.

ഒരു ദിവസം അരലക്ഷം ബാഗുകൾ സുഗമമായി കൈകാര്യം ചെയ്യാൻ കഴിയുന്ന നൂതന സംവിധാനമാണ് ടെർമിനലിലെന്നും തോംസൺ പറഞ്ഞു. 7,42,000 ചതുരശ്ര മീറ്റർ വിസ്താരമുള്ള മിഡ്ഫീൽഡ് ടെർമിനൽ ഈ വർഷം അവസാനത്തോടെ യാത്രികർക്കായി തുറന്നുകൊടുക്കുമെങ്കിലും ഉദ്‌ഘാടനദിവസം പ്രഖ്യാപിച്ചിട്ടില്ല.