അബുദാബി: സലൂണുകളിലും ബ്യൂട്ടിപാർലറുകളിലും പോലീസിന്റെ മിന്നൽ പരിശോധന നടന്നു. അബുദാബി മുനിസിപ്പാലിറ്റിയുമായി ചേർന്ന് നടത്തിയ പരിശോധനയിൽ പലതരത്തിലുള്ള നിയമലംഘനങ്ങളാണ് കണ്ടെത്താനായത്.

റംസാൻ മാസത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാത്ത പ്രവണതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് അയ്യായിരം ദിർഹം പിഴ ചുമത്തി. ചെറിയ നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നൽകി. അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി നാൽപ്പതോളം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

കാലാവധി കഴിഞ്ഞ ഹെന്നയുടെയും ഡൈയുടെയും ഉപയോഗം, പേരില്ലാത്ത ഹെർബൽ ഉത്പന്നങ്ങളുടെ ഉപയോഗം, ഉത്പന്നങ്ങൾ അശാസ്ത്രീയമായി സൂക്ഷിക്കുന്നത്, വൃത്തിയില്ലാത്ത അന്തരീക്ഷം, ചെളിപുരണ്ട തുണികൾ, യൂണിഫോം ഉപയോഗിക്കാതിരിക്കൽ എന്നിവയെല്ലാമാണ് പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ. ശരീരത്തിൽ അലർജിയടക്കമുള്ള പ്രശ്നങ്ങളാണ് ഇക്കാരണത്താൽ ഉണ്ടാവുന്നതെന്ന് വകുപ്പ് വ്യക്തമാക്കി.