അബുദാബി: ലുലു ഹൈപ്പർമാർക്കറ്റുകളിൽ റംസാൻ വിഭവങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. റംസാൻ മാസം ഏറ്റവുമധികം ഉപഭോക്താക്കൾ തേടിവരുന്ന ഉത്പന്നങ്ങൾ ഉൾക്കൊള്ളിച്ചുള്ള 120, 85 ദിർഹത്തിന്റെ കിറ്റുകളാണ് തയ്യാറായിരിക്കുന്നത്.

അബുദാബി അൽ വഹ്ദ മാളിൽ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ ഡയറക്ടർ ഡോ: ഹാഷിം അൽ നഹീമിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നു. വലിയ കിറ്റിൽ 20 ഭക്ഷ്യ വസ്തുക്കളും ചെറുതിൽ 12 എണ്ണവുമാണ് ലഭിക്കുക. കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇത്തവണയും കൂടുതൽ കിറ്റുകൾ വിറ്റുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് അബുദാബി റീജണൽ ഡയറക്ടർ ടി.പി. അബൂബക്കർ പറഞ്ഞു.

കഴിഞ്ഞ വർഷം 5,00,899 കിറ്റുകളാണ് വിറ്റുപോയത്. ഈ വർഷം 7,00,000 കിറ്റുകളുടെ വിൽപ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ ഓരോ ആഴ്ചയും ആകർഷകമായ ഇളവുകളാണ് ലുലുവിൽ ലഭ്യമാക്കുന്നത്. പതിനായിരത്തോളം ഉത്പന്നങ്ങൾക്ക് വിലയിളവ് ലഭ്യമാക്കിയതായും അബൂബക്കർ പറഞ്ഞു.