അബുദാബി: മൂന്നാമത് മാഞ്ചെസ്റ്റർ സിറ്റി അബുദാബി കപ്പ് ടൂർണമെന്റിൽ വിവിധ പ്രായക്കാർക്കായി മത്സരങ്ങൾ നടന്നു. സായിദ് സ്പോർട്‌സ് സിറ്റിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഓരോ ടീമും മികച്ചകളിയാണ് പുറത്തെടുത്തത്. പതിനാറ് വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഷാർജ എഫ്.സി. ജേതാക്കളായി. അണ്ടർ എട്ടിൽ മാഞ്ചസ്റ്റർ സിറ്റി അക്കാദമിയും അണ്ടർ 10, 12 എന്നീ വിഭാഗങ്ങളിൽ സിറ്റി ഫുട്‌ബോൾ അബുദാബി ടീമുകളാണ് വിജയികളായത്.

അണ്ടർ 14-ൽ മെൽബൺ സിറ്റി അക്കാദമിയും ജേതാക്കളായി. വനിതകളുടെ അണ്ടർ 14 വിഭാഗത്തിൽ അബുദാബി തിസ്ലെയാണ് വിജയിച്ചത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ആറു ഗ്രൂപ്പുകളാക്കി തിരിച്ച് രണ്ടുദിവസങ്ങളിലായി നടന്ന മത്സരത്തിൽ യു.എ.ഇ.യിലെ വിവിധ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബുകളിൽനിന്നുള്ള 130 ടീമുകൾ പങ്കെടുത്തതായി മാഞ്ചെസ്റ്റർ സിറ്റി അക്കാദമി ഡയറക്ടർ ജേസൺ വിൽകോക്സ് പറഞ്ഞു. ഇംഗ്ലണ്ടിന് പുറത്തുനടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പങ്കാളിത്തമുണ്ടായ ടൂർണമെന്റാണിതെന്നും പറഞ്ഞു. മേഖലയിലെ ഫുട്‌ബോൾ മെച്ചപ്പെട്ടതായും ഇത്തവണത്തെ മത്സരം ഉന്നത ഗുണനിലവാരം പുലർത്തിയതായും വ്യക്തമാക്കി.

മാഞ്ചെസ്റ്റർ, മെൽബൺ, റൊമാനിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ജി.സി.സി., യു.എ.ഇ. രാജ്യങ്ങളിൽനിന്നുള്ളവർ മത്സരത്തിൽ അണിനിരന്നു. അബുദാബി ആസ്ഥാനമായുള്ള അൽ എത്തിഹാദ് സ്പോർട്‌സ് അക്കാദമിയുടെ പങ്കാളിത്തം മലയാളി താരങ്ങളുടെ സാന്നിധ്യത്തിനും വഴിയൊരുക്കി. വിദേശ ടീമുകൾക്കെതിരെ മികച്ച പ്രകടനമാണ് മലയാളി കുട്ടികൾ കാഴ്ചവെച്ചത്. രാജ്യാന്തര മത്സരം കളിച്ച പ്രതീതിയായിരുന്നു ഓരോരുത്തർക്കും. ജയപരാജയത്തിനപ്പുറത്ത് ഫുട്‌ബോളിൽ ഒട്ടേറെകാര്യങ്ങൾ പഠിക്കാനായതായി ക്യാമ്പ് അംഗങ്ങൾ വിലയിരുത്തി. വിജയിച്ച ആറുടീമുകളിൽനിന്ന് നറുക്കെടുക്കുന്ന ടീമിന് സൗജന്യമായി ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ അക്കാദമി സന്ദർശിക്കാനുള്ള അവസരം ലഭിക്കും.