Abu Dhabi
തദ്‌വീറിന്റെ ഗള്‍ഫ് ഫാക്ടറിയില്‍ കൂട്ടിയിട്ട
ഉപയോഗശൂന്യമായ ടയറുകള്‍

അബുദാബി: എട്ട് മാസത്തിനിടെ അബുദാബിയിലെ വേസ്റ്റ് മാനേജ്‌മെന്റ് സ്ഥാപനമായ തദ്‌വീർ പുനഃചംക്രമണം നടത്തിയത് 7000 ടൺ ഉപയോഗശൂന്യമായ ടയറുകൾ. തദ്‌വീറിന്റെ കീഴിലുള്ള ഗൾഫ് റബ്ബർ ഫാക്ടറിയിലാണ് പ്രവർത്തനങ്ങൾ നടന്നത്. പ്രതിദിനം ഉപയോഗശൂന്യമായ 28 ടൺ ടയറുകൾ എന്ന കണക്കിൽ എട്ട് മാസം കൊണ്ട് 6,954.33 ടൺ ടയറുകളാണ് ഇവിടെ പുനഃചംക്രമണത്തിന് വിധേയമാക്കിയത്.

പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിൽ ക്രമ്പിങ് എന്ന പ്രവർത്തനത്തിലൂടെ റബ്ബറുകൾ ചെറുതരിയാക്കി മാറ്റുകയാണ് ചെയ്യുക. ആദ്യം ടയറുകളിലെ റബ്ബർ ഒഴികെയുള്ള സ്റ്റീൽ, ഇരുമ്പ് കമ്പികൾ എന്നിവ വേർതിരിക്കും. പിന്നീട് റബ്ബർ ചെറുതരികളാക്കി മാറ്റുകയും ഇവ സംസ്കരിച്ച് ഗുണമേന്മ കൂടിയ റബ്ബർ പാളികളാക്കി മാറ്റുകയും ചെയ്യും. കുട്ടികളുടെ കളിസ്ഥലങ്ങളിലും പാർക്കുകളിലെ ട്രാക്കുകളിലും വ്യായാമ കേന്ദ്രങ്ങളിലും നിലത്ത് വിരിക്കാനുള്ള റബ്ബർ പാളികളാണ് ഇതിൽ നിന്നും തയ്യാർ ചെയ്തെടുക്കുക. ഇത് വിഷാംശമില്ലാത്തതും വ്യത്യസ്ത കാലാവസ്ഥകളെ അതിജീവിക്കുന്നതും വീണാൽ പരിക്ക് പറ്റാത്തവയുമാണ്. സ്വകാര്യ പൊതു പങ്കാളിത്തത്തോടെയാണ് തദ്‌വീർ ഗൾഫ് റബ്ബർ ഫാക്ടറിക്ക് തുടക്കം കുറിക്കുന്നതെന്ന് ആക്ടിങ്‌ ജനറൽ മാനേജർ ഡോ.സലിം അൽ കാബി പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രവർത്തനമികവിനുള്ള നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കാൻ ഫാക്ടറിക്ക് കഴിഞ്ഞിട്ടുണ്ട്. ഉപയോഗശൂന്യമായ വസ്തുക്കളിൽനിന്ന്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉത്പന്നങ്ങളുണ്ടാക്കാൻ തദ്‌വീറിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.