അബുദാബി: വിശ്വാസി സമൂഹം തിരുപ്പിറവിയുടെ ഓർമയിൽ ക്രിസ്മസ് ആഘോഷിക്കുന്നു. യു.എ.ഇ.യിലെ വിവിധ ദേവാലയങ്ങളിലായി നടക്കുന്ന വിശുദ്ധ പ്രാർഥനകളാണ് ക്രിസ്മസ് ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം. തിങ്കളാഴ്ച വൈകുന്നേരത്തോടെ വിശ്വാസികൾ ദേവാലയത്തിൽ എത്തിത്തുടങ്ങിയിരുന്നു. രാത്രി വൈകിയും പുലർച്ചെയും നടക്കുന്ന പ്രാർഥനകളിൽ പങ്കെടുത്തുകൊണ്ടാണ് ആയിരങ്ങൾ മടങ്ങിയത്.

യു.എ.ഇ.യിലെ വിവിധ ദേവാലയങ്ങളിൽ നടന്ന പ്രത്യേക കുർബാനകളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിശ്വാസിസമൂഹം ഭാഗമായി. കേരളത്തിലെ ദേവാലയങ്ങളിലേതുപോലെ നടന്ന പാതിരാ കുർബാനകളിൽ മലയാളി സമൂഹം പങ്കാളികളായി. പരമ്പരാഗത വേഷമണിഞ്ഞ് കുടുംബമായി പ്രാർഥനകളുടെ ഭാഗമാവാൻ ആളുകളെത്തി. കഴിഞ്ഞ 25 ദിവസമായി മത്സ്യമാംസാദികൾ ഉപേക്ഷിച്ച് അനുഷ്ഠിക്കുന്ന 25 നോമ്പ് വീടൽ ചടങ്ങുകളും ക്രിസ്മസ് ദിനം പുലർച്ചെ നടന്നു. നോമ്പ് വീടൽ സാധാരണയായി കേക്കും വീഞ്ഞും കഴിച്ചാണ് നടത്താറുള്ളത്. എന്നാൽ, യു.എ.ഇ.യിലെ ദേവാലയങ്ങളിൽ കേക്ക് കഴിച്ച് വിശ്വാസികൾ നോമ്പ് മുറിച്ചു. യു.എ.ഇ.യിലെ മലയാളി സമൂഹം സജീവമായുള്ള ദേവാലയങ്ങളിൽ പുലർച്ചെ കടുംകാപ്പി കുടിച്ച് നോമ്പ് വീടുന്ന പതിവുമുണ്ട്. പിന്നീട് വീടുകളിൽ നടക്കുന്ന ആഘോഷങ്ങളിൽ വിശ്വാസികൾ വ്യാപൃതരാവും.

ഇത്തവണ ക്രിസ്മസ് പ്രവൃത്തി ദിനമായതിനാൽ ആഘോഷങ്ങൾക്ക് മാറ്റ് അല്പം കുറയും. എങ്കിലും വലിയൊരു ശതമാനം വിശ്വാസികളും ക്രിസ്മസ് ആഘോഷങ്ങൾക്കായി മുൻകൂട്ടി അവധി എടുത്തവരാണ്. വിശേഷപ്പെട്ട പലഹാരങ്ങളും ഭക്ഷണവിഭവങ്ങളുമെല്ലാമായുള്ള ആഘോഷങ്ങൾ തന്നെയാണ് പകൽസമയം നടക്കുന്നത്. ദിവസങ്ങൾക്കുമുമ്പേ വീഞ്ഞിൽ മുക്കിയിട്ട മുന്തിരിയും കിസ്മിസും ചെറിയും പ്ലമ്മും ഈന്തപ്പഴവുമെല്ലാം ചേർത്തുണ്ടാക്കുന്ന പ്ലം കേക്കാണ് ക്രിസ്മസിന്റെ മുഖ്യ ആകർഷണം. ഇതോടൊപ്പം നാടൻ വിഭവങ്ങളായ അപ്പം, സ്റ്റൂ, പാലപ്പം, ഇണ്ടറിയപ്പം, മീൻ മുളകിട്ടത്, മോര് കാച്ചിയത്, ബീഫ് ഉലർത്ത് തുടങ്ങിയവയെല്ലാമാണ് ക്രിസ്മസിനെ പ്രവാസലോകത്തും സജീവമാക്കുന്നത്. യു.എ.ഇ. മാർക്കറ്റിൽ മാൻ ഇറച്ചി ലഭ്യമായതോടെ ക്രിസ്മസിന് പല തീൻ മേശകളിലും മാൻ വിഭവങ്ങളും ഒരുങ്ങുന്നുണ്ട്. രാവിലെ പാലപ്പവും മാൻ മാപ്പാസുമൊരുക്കുന്ന കുടുംബങ്ങളുണ്ട്.

മനോഹരമായ പുൽക്കൂടുകളാണ് ഫ്‌ളാറ്റുകളിലും വില്ലകളിലും ഒരുങ്ങിയിരിക്കുന്നത്. പുൽക്കൂട്ടിലെ ഉണ്ണിയേശുവിന്റേതടക്കമുള്ള കുഞ്ഞുരൂപങ്ങൾ യു.എ.ഇ. മാർക്കറ്റിൽ ലഭ്യമാണെങ്കിലും നാട്ടിൽനിന്ന് കൊണ്ടുവന്നും കൂടൊരുക്കിയവരുണ്ട്. നക്ഷത്രങ്ങൾക്കും പുൽക്കൂടിനും വർണവിളക്കുകൾക്കുമൊപ്പം ഭക്ഷണത്തിനും ആഘോഷങ്ങളിൽ വലിയ പ്രാധാന്യമുണ്ട്. യു.എ.ഇ.യിലെ മിക്ക ഹോട്ടലുകളും പ്രത്യേക വിഭവങ്ങളൊരുക്കി ആഘോഷങ്ങളുടെ ഭാഗമായി. വരുന്ന വ്യാഴം, വെള്ളി ദിനങ്ങളാണ് നിരവധിപേർ ക്രിസ്മസ് ആഘോഷങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ളത്.