അബുദാബി: ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അബുദാബിയിൽ പറഞ്ഞു.

ഇന്ത്യൻ എംബസിയും ഇന്ത്യൻ സമൂഹവും ഇന്ത്യാ സോഷ്യൽ സെന്ററിൽ നൽകിയ സ്വീകരണമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. മുൻപ് യു.എ.ഇ. എണ്ണ വിൽക്കുന്ന രാജ്യവും ഇന്ത്യ എണ്ണ വാങ്ങുന്ന രാജ്യവും മാത്രമായിരുന്നു.

എന്നാൽ, ഇന്ന് ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും വാണിജ്യ-വ്യവസായ മേഖലയുടെ പുതിയ തലങ്ങളിലും നിക്ഷേപരംഗങ്ങളിലും കൃഷിയിലും വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യാപിച്ചിരിക്കുന്നു.

നരേന്ദ്രമോദി ഭരണത്തിൽവന്നാൽ അറബ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുമെന്ന രീതിയിൽ വലിയ പ്രചാരണമുണ്ടായിരുന്നു. എന്നാൽ അറബ്, ഇസ്‌ലാമിക രാജ്യങ്ങളുമായി ഇന്ത്യ ഏറ്റവും ഊഷ്മളമായ ബന്ധമാണ് ഇപ്പോൾ പുലർത്തുന്നത്. മോദി ആദ്യം സന്ദർശനം നടത്തിയ രാജ്യങ്ങളിൽ ഒന്ന് യു.എ.ഇ. ആയിരുന്നു.

ആഭ്യന്തരയുദ്ധം നടക്കുന്ന യെമെനിൽനിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് അഞ്ചു ദിവസം വെടിനിർത്തൽ നടപ്പാക്കാൻ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ ദിവസവും ഏതാനും മണിക്കൂർ വെടിനിർത്തിയാണ് ഇതുമായി സൗദി സഹകരിച്ചത്. ഇന്ത്യക്കാരെ മാത്രമല്ല പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവരെയും രക്ഷിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിനെല്ലാംപുറമേ അറബ് രാജ്യം അനുവദിച്ച സ്ഥലത്ത് ക്ഷേത്രനിർമാണം നടക്കാൻപോകുന്നു.

യു.എ.ഇ. എന്ന രാജ്യം ഇന്ത്യയ്ക്ക് നൽകുന്ന വലിയ അംഗീകാരമാണിത്.

ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് ഇവിടെയെത്തി യു.എ. ഇ. വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും സായിദ്-ഗാന്ധി ഡിജിറ്റൽ മ്യൂസിയം ഉദ്ഘാടനം ചെയ്യാനും ഇന്ത്യൻ സമൂഹത്തോട് സംസാരിക്കാനും കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്താനും കഴിയുന്നത് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് സൂചിപ്പിക്കുന്നത്. ലോകത്തിലെ മറ്റേതുരാജ്യക്കാരെക്കാളും ഇന്ത്യൻസമൂഹത്തെ അംഗീകരിച്ചവരാണ് അറബ് രാജ്യങ്ങളും പ്രത്യേകിച്ച് യു.എ.ഇ.യുമെന്നും മന്ത്രി പറഞ്ഞു.

വിദേശജോലിക്ക് സുരക്ഷിതമാർഗങ്ങളെ മാത്രമേ സ്വീകരിക്കാവൂ. വ്യാജ റിക്രൂട്ടിങ് ഏജൻസികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ മുഴുവൻ മുഖ്യമന്ത്രിമാർക്കും നിർദേശം നൽകിയതായും വിസിറ്റ് വിസയിൽ സ്ത്രീകളെ കൊണ്ടുവന്ന് ചൂഷണം ചെയ്യുന്നത് ഒഴിവാക്കണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.

വിദേശകാര്യമന്ത്രാലയത്തിലെ സാമ്പത്തികവിഭാഗം സെക്രട്ടറി തിരുമൂർത്തി, ജോയൻറ് സെക്രട്ടറി (ഗൾഫ്) ഡോ. ടി.വി. നരേന്ദ്രപ്രസാദ്, വിദേശകാര്യവിഭാഗം ജോയൻറ് സെക്രട്ടറി അപൂർവ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ്‌ സൂരി, കോൺസൽ ജനറൽ വിപുൽ, ഇന്ത്യാ സോഷ്യൽ സെന്റർ ചെയർമാൻ എം.എ. യൂസഫലി, ഐ.എസ്.സി. പ്രസിഡന്റ് രമേഷ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.