അബുദാബി: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷനിൽ (അഡിപെക്) സന്ദർശനം നടത്തി.

ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള എണ്ണ, ഊർജ രംഗങ്ങളിലെ പുത്തൻ സങ്കേതങ്ങൾ ശൈഖ് മുഹമ്മദ് നോക്കിക്കണ്ടു. ദുബായ് സിവിൽ ഏവിയേഷൻ ചെയർമാനും എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂമും ദുബായ് ഭരണാധികാരിയെ അനുഗമിച്ചു. പ്രദർശനത്തിലെ ഇത്തവണത്തെ പ്രത്യേകതകളെക്കുറിച്ച് സ്റ്റേറ്റ് മന്ത്രിയും അബുദാബി നാഷണൽ ഓയിൽ കമ്പനി സി.ഇ.ഒ.യുമായ സുൽത്താൻ അഹമ്മദ് അൽ ജാബർ വിശദീകരിച്ചു.

സൗദി അരാംകോ, അഡ്‌നോക്, ടോട്ടൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പവലിയനുകൾ സന്ദർശിച്ച ശൈഖ് മുഹമ്മദ് പുത്തൻ ആശയങ്ങളെക്കുറിച്ച് സംസാരിച്ചു. ദുബായ് റൂളേഴ്‌സ് കോർട്ട് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ഷൈബാനി, ദുബായ് ഊർജ സുപ്രീം കൗൺസിൽ വൈസ് ചെയർമാൻ സായിദ് മുഹമ്മദ് അൽ തയർ, ദുബായ് പ്രോട്ടോക്കോൾ, ഹോസ്പിറ്റാലിറ്റി വകുപ്പ് ഡയറക്ടർ ജനറൽ ഖലീഫ സായിദ് സുലൈമാൻ എന്നിവർ സന്ദർശനത്തിന്റെ ഭാഗമായി.