അബുദാബി: യു.എ.ഇ. സായുധസേനയിലെ ധീരരായ സൈനിക ഉദ്യോഗസ്ഥർക്ക് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാന്റെ ആദരവ്.

അബുദാബി സീ പാലസിൽ നടന്ന ചടങ്ങിലാണ് രാഷ്ട്രസേവനത്തിൽ നിർണായകമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് അംഗീകാരങ്ങൾ നൽകിയത്. ഉദ്യോഗസ്ഥരുടെ പദവികൾക്കനുസരിച്ചുള്ള മെഡലുകൾ ശൈഖ് മുഹമ്മദ് സമ്മാനിച്ചു. യു.എ.ഇ.ക്കുള്ളിലും പുറത്തും സേവനമനുഷ്ടിക്കുമ്പോൾ സൈനികർ മുറുകെപ്പിടിച്ച സത്യസന്ധതയെയും വിശ്വാസത്തെയും ധൈര്യത്തേയും ശൈഖ് മുഹമ്മദ് പ്രകീർത്തിച്ചു.

സൈന്യത്തിന്റെ അങ്ങേയറ്റം കാര്യക്ഷമവും മികവുറ്റതുമായ പ്രവർത്തനങ്ങൾ ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണ്. കർമവീഥിയിൽ ജീവൻ വെടിയേണ്ടിവന്ന സൈനികോദ്യോഗസ്ഥർ രാജ്യത്തിന്റെ അഭിമാനം മുറുകെപ്പിടിച്ചവരാണ്. അവരുടെ ഓർമകൾ എന്നും നിലനിൽക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

സായുധസേനാമേധാവി ലഫ്റ്റനന്റ് ജനറൽ ഹമദ് മുഹമ്മദ് താനി അൽ റുമൈതിയുടെ നേതൃത്വത്തിലാണ് സേന ചടങ്ങിൽ അണിനിരന്നത്. ഉമ്മൽഖുവൈൻ ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ റാഷിദ് അൽ മുഅല്ല, സായിദ് ബിൻ സുൽത്താൻ അൽനഹ്യാൻ ജീവകാരുണ്യ സംഘടനയുടെ ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽനഹ്യാൻ, സായിദ് ഹയർ ഓർഗനൈസേഷൻ ചെയർമാൻ ശൈഖ് ഖാലിദ് ബിൻ സായിദ് അൽനഹ്യാൻ എന്നിവർ പങ്കെടുത്തു.