അബുദാബി: എണ്ണ, വാതക രംഗങ്ങളിലെ നൂതന ആശയങ്ങളുമായി അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസ് (അഡിപെക്) ആരംഭിച്ചു. 29 രാജ്യങ്ങളിൽനിന്നുള്ള 2200 കമ്പനികളാണ് നൂതന കണ്ടുപിടിത്തങ്ങളുമായി അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ എത്തിയിരിക്കുന്നത്.

എണ്ണ, വാതകയുത്പാദനത്തിൽ വലിയ രീതിയിലുള്ള കുതിച്ചുചാട്ടം ലക്ഷ്യമിട്ടുകൊണ്ടുള്ള അഡ്‌നോക്ക് പ്രഖ്യാപനം കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള തയ്യാറെടുപ്പോടെയാണ് യു.എ.ഇ അടക്കം പ്രദർശനത്തെ നോക്കിക്കാണുന്നത്. മിഡിൽ ഈസ്റ്റ്-വടക്കേ ആഫ്രിക്ക മേഖല (മിന), ഏഷ്യ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള രാജ്യങ്ങളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിലും വ്യവസായരംഗം ഏറെ സജീവമാണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് പ്രദർശനം നടക്കുന്നത്. ഏറ്റവും മികച്ച സാങ്കേതിക ഉപകരണങ്ങളാണ് അഡിപെക് അവതരിപ്പിക്കുന്നത്. കടലിലെയും കരയിലെയും എണ്ണ ഗവേഷണം മുതൽ ഖനനം, വിതരണം, ശുദ്ധീകരണം, സുരക്ഷ തുടങ്ങിയ എല്ലാ മേഖലകളും പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചെറിയ ബെയറിങ്ങുകൾമുതൽ അന്തർവാഹിനികൾവരെ നിർമിക്കുന്ന കമ്പനികളാണ് മേളയുടെ ശ്രദ്ധയാകർഷിക്കുന്നത്.

യു.എ.ഇ.യിലെ 27 ദേശീയ എണ്ണക്കമ്പനികളും 15 അന്തർദേശീയ എണ്ണക്കമ്പനികളും പ്രദർശനത്തിലുണ്ട്. എണ്ണ, വാതക നിർമ്മാണ മേഖലയിലെ ഓരോ ഘട്ടങ്ങളിലും ഉപയോഗിക്കേണ്ട സുരക്ഷിതമായ വസ്ത്രങ്ങളുടെ ഏറ്റവും നൂതന മാതൃകകൾ ഇവിടെയുണ്ട്. ഓയിൽക്കമ്പനികളും മറൈൻ കമ്പനികളുമടക്കം മുഴുവൻ ജീവനക്കാർക്കുള്ള സുരക്ഷാ വസ്ത്രങ്ങൾക്കും ഉപകരണങ്ങൾക്കുമായി വരുംദിവസങ്ങളിൽ വിവിധ കമ്പനികളുമായി ലക്ഷക്കണക്കിന് ദിർഹത്തിന്റെ കരാറുകളിലാണ് ഒപ്പുവെക്കുക. എണ്ണ, വാതക മേഖലയുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ നേതൃത്വത്തിൽ 161 പ്രത്യേക യോഗങ്ങളും 980 അവതരണങ്ങളും നടക്കും.

ഇന്ത്യയിൽനിന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ പ്രത്യേക പവിലിയനും അഡിപെകിലുണ്ട്. യു.എ.ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ ഇന്ത്യൻ പവിലിയനിൽ സന്ദർശനം നടത്തി. കുറഞ്ഞ ചെലവിൽ മികച്ച ഗുണനിലവാരം പുലർത്തുന്ന രീതിയിലുള്ള ആശയങ്ങൾക്കും കണ്ടെത്തലുകൾക്കുമാണ് അഡിപെക് ശ്രദ്ധയൂന്നുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ള പതിനായിരത്തിലധികം പ്രതിനിധികളാണ് പ്രദർശനത്തിൽ എത്തിയിട്ടുള്ളത്. നാലുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ധനവില സന്തുലിതമായിരിക്കണം -ധർമേന്ദ്ര പ്രധാൻ

ഇന്ധനവില സന്തുലിതമായിരിക്കണമെന്നും അതാണ് വിപണിക്ക് ഏറ്റവും ഗുണകരമെന്നും ഇന്ത്യൻ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ അഡിപെകിൽനടന്ന സെമിനാറിൽ അഭിപ്രായപ്പെട്ടു. എണ്ണ ഉത്പാദക രാജ്യങ്ങൾ വിലകൂട്ടുമെന്ന് കരുതുന്നില്ല. ഉപഭോക്തൃ രാജ്യങ്ങളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ., ഒമാൻ, വെനസ്വേല, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള എണ്ണ, ഊർജ വകുപ്പ് മന്ത്രിമാർ പങ്കെടുത്തു.