കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് അബുദാബി വഴി മാഞ്ചെസ്റ്ററിലേക്ക് പറന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ രണ്ടുദിവസം അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ ബിജേഷ് ബാലകൃഷ്ണന്‍ (33) ആണ് അബുദാബിയില്‍ കുടുങ്ങിയത്. വിമാനത്താവളത്തിലെ പരിശോധനകള്‍ക്കിടെ വിമാനക്കമ്പനി ജീവനക്കാരി ഇയാളുടെ പാസ്‌പോര്‍ട്ട് മറ്റൊരു യാത്രക്കാരന് മാറ്റി നല്‍കിയതാണ് വിനയായത്.

കഴിഞ്ഞദിവസമാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും മുംബൈ വഴി എത്തിഹാദ് വിമാനത്തില്‍ യാത്രയായത്. അബുദാബിയില്‍ എത്തിയശേഷം മാഞ്ചസ്റ്ററിലേക്കുള്ള കണക്ഷന്‍ വിമാനത്തില്‍ യാത്രതുടരാനാണ് തീരുമാനിച്ചത്. അബുദാബി വിമാനത്താവളത്തില്‍ വിമാനക്കമ്പനിയുടെ ചെക്ക് ഇന്‍ കൗണ്ടറില്‍ പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസും കൈമാറിയ ഇയാളോട് കൗണ്ടര്‍ ജീവനക്കാരി ഇംഗ്‌ളണ്ടില്‍ താമസിക്കാനുള്ള അനുമതിപത്രം കൂടി ആവശ്യപ്പെടുകയായിരുന്നു.
 
ഇത് ബാഗില്‍നിന്ന് എടുക്കുന്നതിനിടെ ചെക്ക് ഇന്‍ ചെയ്ത ബ്രിട്ടീഷ് യാത്രക്കാര്‍ക്ക് അബദ്ധത്തില്‍ ജീവനക്കാരി ബിജേഷിന്റെ പാസ്‌പോര്‍ട്ട് കൈമാറുകയായിരുന്നു. പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കിയതായി ജീവനക്കാരി വാശിപിടിച്ചതോടെ സംഗതി വഷളായി. പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പാസ്‌പോര്‍ട്ട് ജീവനക്കാരിയില്‍നിന്നാണ് നഷ്ടമായതെന്ന് വ്യക്തമായത്. ഇതോടെ ഇയാള്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു.

ബന്ധുക്കള്‍ കോഴിക്കോട് എം.പി. രാഘവനുമായി ബന്ധപ്പെടുകയും ഇദ്ദേഹത്തിന്റെ ശ്രമഫലമായി അബുദാബിയിലെ ഇന്ത്യന്‍ എംബസി രണ്ടുദിവസത്തിനു ശേഷം പുതിയ പാസ്‌പോര്‍ട്ട് വിമാനത്താവളത്തില്‍ എത്തിക്കുകയും ചെയ്തശേഷമാണ് ബിജേഷിന് യാത്ര തുടരാനായത്.