അബുദാബി: കീമോതെറാപ്പി മൂലം മുടി നഷ്ടമായ അർബുദ രോഗികൾക്കായി ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികൾ മുടി ദാനംചെയ്തു. അബുദാബി അൽ വത്ബ ഇന്ത്യൻ സ്കൂളിലെ 24 കൂട്ടികളാണ് മുടി മുറിച്ചുനൽകി മാതൃകയായത്.

ഇന്ത്യൻ സ്കൂളും ഹെയർ ഫോർ ഹോപും സഹകരിച്ച് സംഘടിപ്പിച്ച ‘പ്രൊട്ടക്ട് യുവർ മോം’ എന്ന സ്തനാർബുദ ബോധവത്കരണ പരിപാടിയിലാണ് കുട്ടികൾ മുടി ദാനം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് അനു ചോറാലിയ, ഹെയർ ഫോർ ഹോപ്‌സ് ബ്രാൻഡ് അംബാസിഡറും മിസ് ഓസ്‌ട്രേലിയയുമായ പത്മാ സിങ് എന്നിവർ ചേർന്ന് നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ബിശാന്തി ഭോമിക്, അധ്യാപകരായ സിജി സുധാകരൻ, നൈല ഷംസി എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി. ആദ്യമായാണ് അബുദാബിയിലെ ഒരു സ്കൂളിൽ ഇത്തരത്തിൽ അർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. .