ദുബായ് : കോവിഡ് പ്രതിസന്ധികൾക്കിടയിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, നിക്ഷേപകർ എന്നിവരെ പിന്തുണയ്ക്കാനുള്ള നടപടികളുമായി ദുബായ്. 88 സർക്കാർ സേവനങ്ങളുടെ ഫീസ് പൂർണമായും ഒഴിവാക്കിയും ഭാഗികമായി കുറച്ചുമാണ് ദുബായ് ഭരണകൂടം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

ദുബായ് മാരിടൈം സിറ്റി അതോറിറ്റിയാണ് ഫീസുകളിൽ ഇളവുകൾ പ്രഖ്യാപിച്ച ഏജൻസികളിലൊന്ന്. റെസിഡൻസി വിസ, എംപ്ലോയ്‌മെന്റ് വിസ, വിസ പുതുക്കൽ, സർക്കാർവകുപ്പിൽനിന്ന് മാരിടൈം സിറ്റി അതോറിറ്റിയിലേക്കുള്ള വിസ ട്രാൻസ്‌ഫർ തുടങ്ങിയവയ്ക്കുള്ള ഫീസുകളിൽ അതോറിറ്റി കുറവ് വരുത്തി. തൊഴിൽ ആരോഗ്യ കാർഡുകൾ പുതുക്കൽ, അടിയന്തര മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, ലേബർ സപ്ലൈയുമായി ബന്ധപ്പെട്ട പെർമിറ്റ് തുടങ്ങിയവയുടെ ഫീസുകൾ ഒഴിവാക്കി നൽകാൻ ദുബായ് മുനിസിപ്പാലിറ്റിയും തീരുമാനിച്ചിട്ടുണ്ട്. ടൂറിസം അനുമതിക്കുള്ള ഫീസുകൾ ഈടാക്കുന്നത് നിർത്തിയതായി ദുബായ് ടൂറിസം അറിയിച്ചു. പുതിയ പെർമിറ്റിനും നിലവിലുള്ളത് പുതുക്കാനുമുള്ള ഫീസുകളും ഒഴിവാക്കിയിട്ടുണ്ട്.

ഫാഷൻഷോ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ഫീസ് താത്കാലികമായി ഈടാക്കില്ല. ട്രാഫിക് ഫയലുകൾ ട്രാൻസ്‌ഫർ ചെയ്യുന്നതിനുള്ള നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ്, നിർമാണ പ്രവൃത്തികൾക്കായി റോഡ് അടയ്ക്കുന്നതിനുള്ള പെർമിറ്റ്, ആഡംബര ബൈക്കുകൾ തുടങ്ങിയവയ്ക്കുള്ള ഫീസുകൾ ഒഴിവാക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും തീരുമാനിച്ചു.

റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ ബ്രോക്കർ കാർഡുകൾ പുതുക്കുന്നതിനുള്ള ഫീസ് ഈടാക്കില്ലെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റും അറിയിച്ചു. സിവിൽ കേസുകളിലെ വിധികളുടെ സർട്ടിഫൈഡ് കോപ്പികൾ ഫീസില്ലാതെ ദുബായ് കോർട്‌സ് സൗജന്യമായി നൽകും. ബിസിനസ് കേന്ദ്രങ്ങളുടെ ലൈസൻസ് പുതുക്കുന്നതിന് ഉൾപ്പെടെയുള്ള ഫീസുകൾ കുറയ്ക്കാൻ ദുബായ് ഇക്കോണമിയും തീരുമാനിച്ചിട്ടുണ്ട്. മാരിടൈം പ്രവർത്തനങ്ങൾക്കാവശ്യമായ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനുള്ള ഫീസ് കുറയ്ക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റിയും തീരുമാനിച്ചു.