അബുദാബി : കേരള സോഷ്യൽ സെന്റർ (കെ.എസ്.സി.) സൗജന്യ ഓൺലൈൻ സമ്മർക്യാമ്പ് ‘വേനൽത്തുമ്പികൾ 2021’ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. മുൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ വൈകീട്ട് ഏഴുമുതൽ എട്ടുമണിവരെയാണ് ക്യാമ്പ്. ആറ് വയസുമുതൽ 15 വയസ്സുവരെയുള്ള 400 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. മുൻവർഷങ്ങളിൽ സാധാരണയായി നാട്ടിൽനിന്നെത്തുന്ന അധ്യാപകരാണ് ക്യാമ്പിന് നേതൃത്വംനൽകിയിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ അത് സാധ്യമാകാതെ വന്നതിനാലാണ് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും സൗജന്യ ഓൺലൈൻ സമ്മർ ക്യാമ്പുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ അറിയിച്ചു.

കുട്ടികളിലെ സർഗാത്മകതയെ വളർത്താനും ഭയമില്ലാതെ പ്രശ്നങ്ങളെ നേരിടാനും പഠിക്കേണ്ട കാര്യങ്ങൾ വിനോദങ്ങളിലൂടെ പകർന്നുനൽകാൻ ക്യാമ്പ് സഹായകരമാകും. ചിത്രരചന, ഗണിതം, നാടൻ പാട്ടുകൾ, കരകൗശല വസ്തുക്കളുടെ നിർമാണം, ദൈനംദിന വാർത്തകളുമായി കുട്ടികളെ ബന്ധപ്പെടുത്തുന്ന പത്രവൃത്താന്തം, ശാസ്ത്രം, ഹ്രസ്വ സിനിമ നിർമാണം, തിയേറ്റർ പരിചയം എന്നിവയെല്ലാം ക്യാമ്പിലുണ്ടാകും. കേരളത്തിലെയും യു.എ.ഇ.യിലെയും കലാസാംസ്കാരിക-സാഹിത്യ രംഗങ്ങളിലെ പ്രശസ്തരാണ് ക്യാമ്പിൽ അതിഥികളായെത്തുന്നത്. ഉദ്ഘാടന ദിനം ബാലവേദി പ്രവർത്തകർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

സെന്റർ ഫേസ്ബുക്ക് പേജിലും പരിപാടികൾ ആസ്വദിക്കാം.