ദുബായ് : വെല്ലുവിളിനിറഞ്ഞ കാലത്ത് ലോക എക്സ്‌പോ 2020-ന്‌ ആതിഥേയത്വം വഹിക്കുകയും സാമ്പത്തിക പുനരുജ്ജീവനത്തിനായി രാജ്യങ്ങൾക്ക് പ്രാപ്തിയുണ്ടെന്ന് ഉറപ്പുവരുത്തുകയുംചെയ്ത യുഎ.ഇ.യുടെ ദൃഢനിശ്ചയത്തെ അഭിവാദ്യം ചെയ്യുന്നതായി ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി പറഞ്ഞു. ഇന്ത്യ-കൊറിയൻ കമ്പനികൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി കോൺസുലേറ്റിൽ നടന്ന ഇന്ത്യ കൊറിയ ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക പുനരുജ്ജീവനത്തിന് എക്സ്‌പോ പ്രചോദനമാകും. ലോകത്തിലെ ഏറ്റവുംവലിയ പ്രദർശനമായി മാറാൻ ഇന്ത്യ യു.എ.ഇ.യുമായി ചേർന്ന് നിൽക്കും. എക്സ്‌പോ വേളയിൽ മേഖലയിലുടനീളം നിക്ഷേപം ആകർഷിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യാ പവിലിയനായി 70 മില്യൻ ഡോളർ ആണ് നിക്ഷേപിക്കുക. നവീകരണം, അറിവ്, പൈതൃകം, കല എന്നിവയുടെ നാടായി ഇന്ത്യയെ പ്രദർശിപ്പിക്കും. പുതുമയുടെയും സർഗാത്മഗതയുടെയും കാര്യത്തിൽ മുന്നേറുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലോകം തിരിച്ചറിയും. കോടിക്കണക്കിന് ആശയങ്ങളുള്ള രാജ്യമാണ് ഇന്ത്യ. മെയ്ക്ക് ഇൻ ഇന്ത്യാ കാമ്പയിൻ, ഡിജിറ്റൽ ഇന്ത്യ കാമ്പയിൻ, സ്റ്റാർട്ടപ്പ് ഇന്ത്യ കാമ്പയിൻ എന്നിവ മുന്നോട്ടു കൊണ്ടുപോകാൻ ഈ അവസരത്തിൽ ആഗ്രഹിക്കുന്നുണ്ടെന്നും അമൻപുരി വ്യക്തമാക്കി. എല്ലാ ഇന്ത്യൻസംരംഭകർക്കും മറ്റ് സംരംഭകരുമായി ഇടപഴകുന്നതിന് വേദി നൽകും.

ഭാവിയിൽ മറ്റ് എംബസികളുമയി ഏകോപിപ്പിച്ച് ബിസിനസ് മീറ്റുകൾ നടത്തുമെന്നും അമർപുരി അറിയിച്ചു.

ഇന്ത്യയും കൊറിയയും ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തികശക്തികളാണെന്ന് കൊറിയൻ കോൺസൽ ജനറൽ മൂൺ ബ്യൂങ് ജുൻ പറഞ്ഞു. ഒട്ടേറെ ഇന്ത്യൻ, കൊറിയൻ കമ്പനികളും പരിപാടിയിൽ പങ്കെടുത്തു.