അബുദാബി : യു.എ.ഇ.യുടെ ദേശീയദിനത്തോടനുബന്ധിച്ച് ഇത്തിഹാദ് എയർവേസ് ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ ഇളവ് വാഗ്ദാനം ചെയ്യുന്നു. നവംബർ 29 രാത്രി 10 മണി മുതൽ ഡിസംബർ ഒന്ന് അർധരാത്രി വരെയുള്ള 50 മണിക്കൂറിനുള്ളിൽ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക. യാത്രക്കാർക്ക് ഈ ദിവസങ്ങളിൽ ബുക്ക് ചെയ്യാനും പിന്നീട് അധികചെലവുകളൊന്നുമില്ലാതെ യാത്രാസമയം മാറ്റാനും കഴിയും. ടിക്കറ്റുകൾക്ക് അടുത്തവർഷം ജൂൺ 14 വരെ സാധുതയുണ്ട്. 50 മണിക്കൂർ സെയിലിൽ ലണ്ടൻ, ബാഴ്‌സലോണ, ദോഹ, റോം, സിങ്കപ്പൂർ എന്നിങ്ങനെ ഇത്തിഹാദിന്റെ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാം. കൂടാതെ ദേശീയദിന അവധിദിനങ്ങളിൽ ഇത്തിഹാദ് യാത്രക്കാർക്കായി പരമ്പരാഗത ഇമിറാത്തി ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. യു.എ.ഇ.യിലെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫ് ആയിഷ അൽ ഒബെയ്ദ്‌ലി ഒരുക്കിയ പ്രത്യേക മധുരപലഹാരം കുട്ടികൾക്ക് ആസ്വദിക്കാനുള്ള അവസരവുമുണ്ട്.