ദുബായ് : റോപ്‌വേ പദ്ധതിയുമായി ദുബായ് ഗതാഗതമേഖലയിൽ മറ്റൊരു കുതിപ്പിന് തയ്യാറാവുന്നു. ഇതുസംബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) ഫ്രാൻസിലെ മൊബിലിറ്റി സ്പെഷ്യൽ കമ്പനിയായ എം.എൻ.ഡി.യുമായി ധാരണാപത്രം ഒപ്പിട്ടു. നിലവിലുള്ള ഇന്റർ മോഡൽ ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്ക് ശൃംഖലയുമായി സംയോജിപ്പിച്ച് രൂപകൽപന ചെയ്തായിരിക്കും പുതിയ റോപ്‌വേ യാഥാർഥ്യമാവുക. നൂതന സാങ്കേതികവിദ്യയുടെ സഹായത്തിൽ സ്വയം ഓടുന്ന കാബിൻ സഞ്ചാരമായിരിക്കുമിത്. ഡ്രൈവറില്ലാത്ത റോപ് വേ കാബിനുകൾ പൂർണമായും ഓട്ടോമാറ്റിക് സംവിധാനമായിരിക്കും. ഇവ മണിക്കൂറിൽ 45 കിലോമീറ്റർ സഞ്ചരിക്കും. ദുബായിലെ സാഹചര്യങ്ങൾക്ക് യോജിച്ചവിധമാകും രൂപകൽപന. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഷാർജയിൽ കേബിൾകാറുകൾ സഞ്ചാരം സർവീസ് നടത്തുന്നുണ്ട്.