ഷാർജ : രാജ്യത്തേക്ക് ഒളിച്ചുകടത്താൻ ശ്രമിച്ച ലഹരിമരുന്നുകൾ ഷാർജ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. 93 കിലോഗ്രാം പൊടിരൂപത്തിലുള്ള മെതഡിൻ, 3000 മെതഡിൻ ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്.

ഭക്ഷ്യവസ്തുക്കളുമായി അയൽരാജ്യത്തുനിന്നുംവന്ന കണ്ടെയ്‌നറിലായിരുന്നു കോടിക്കണക്കിന് രൂപ വിലയുള്ള നിരോധിത ലഹരിമരുന്നുകൾ ഒളിച്ചുകടത്താൻ ശ്രമിച്ചത്.

ബലിപെരുന്നാൾ അവധിദിനങ്ങളിൽ ഷാർജ പോർട്ടിലെത്തിയ കണ്ടെയ്‌നറിൽനിന്നായിരുന്നു ഉദ്യോഗസ്ഥരുടെ കർശന പരിശോധനയിൽ ലഹരിമരുന്നുകൾ കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കളുടെ കൂടെ ഇരുമ്പ് കവചങ്ങളിലാക്കിയാണ് ലഹരിമരുന്നുകൾ കടത്താൻ ശ്രമിച്ചത്. സാധനങ്ങളുടെ ഭാരത്തിൽ കണ്ട വ്യത്യാസമാണ് സംശയത്തിനിടയാക്കിയതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

കര, കടൽ മാർഗങ്ങളിൽകൂടിവരുന്ന ലഹരിമരുന്നുൾപ്പെടെയുള്ള കള്ളക്കടത്തുസാധനങ്ങൾ പിടിച്ചെടുക്കാനുള്ള നൂതന സാങ്കേതികസംവിധാനങ്ങൾ ഷാർജ കസ്റ്റംസിനുണ്ട്. അതിനാൽ മറ്റ് വകുപ്പുകളുടെകൂടി സഹകരണത്തോടെ രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഷാർജയിലെ ലഹരിമരുന്നുകൾ പിടിച്ചെടുത്ത ഉദ്യോഗസ്ഥരെ കസ്റ്റംസ് അതോറിറ്റി അഭിനന്ദിച്ചു.