ലണ്ടൻ : ബ്രിട്ടനിലെ വാണിജ്യ-വ്യാപാര മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾക്കുള്ള ഉന്നത ബ്രിട്ടീഷ് ബഹുമതി ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ ഉപസ്ഥാപനമായ വൈ ഇന്റർനാഷണൽ കരസ്ഥമാക്കി.

ഗ്രേറ്റർ ബർമിങാം ചേംബർ ഓഫ് കൊമേഴ്‌സിന്റെ 2021 വർഷത്തെ എക്സലൻസ് ഇൻ ഇന്റർനാഷണൽ അവാർഡാണ് വൈ ഇന്റർനാഷണൽ യു.കെ.യ്ക്ക് ലഭിച്ചത്.

200 വർഷത്തിലേറെയായി ബർമിങ്ങാമിലെ വാണിജ്യ-വ്യവസായ മേഖലകളെ ഏകോപിപ്പിക്കുന്ന കേന്ദ്രീകൃത സ്ഥാപനമായ ബർമിങാം ചേംബർ ഓഫ് കോമേഴ്‌സ് യൂറോപ്പിലെത്തന്നെ ഏറ്റവുംപഴക്കമുള്ള ചേംബർ ഓഫ് കൊമേഴ്‌സാണ്.

ബ്രിട്ടനിലെ ഭക്ഷ്യസംസ്കരണരംഗത്ത് 2013 മുതൽ സാന്നിധ്യമുള്ള വൈ ഇന്റർനാഷണൽ ബർമിങാം സിറ്റി കൗൺസിൽ അഡ്വാൻസ്ഡ് മാനുഫാക്ചറിങ് സോണിലെ അത്യാധുനിക ഭക്ഷ്യസംസ്കരണ കേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നത്.

ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങൾ സംഭരിച്ച് ഗൾഫ് രാജ്യങ്ങളിലും ഈജിപ്ത്, ഇൻഡൊനീഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലേക്കും കയറ്റിയക്കുന്നു.

ബർമിങാം ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്സലൻസ് പുരസ്കാരം ബ്രിട്ടനിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാൻ പ്രേരകമാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. വാണിജ്യ-വ്യാപാര രംഗത്തെ മികവിന് ബ്രിട്ടനിലെ ഉന്നതപുരസ്കാരമായ ‘ക്വീൻസ് അവാർഡ്’ എലിസബത്ത് രാജ്ഞി 2017-ൽ യൂസഫലിക്ക് നൽകി ആദരിച്ചിരുന്നു.

തദ്ദേശീയർ ഉൾപ്പെടെ 350-ൽപരം ആളുകളാണ് വൈ ഇന്റർനാഷണൽ യു.കെ.യിൽ ജോലി ചെയ്യുന്നത്. ബ്രിട്ടൻ ഹോസ്പിറ്റാലിറ്റിരംഗത്തെ ഏറ്റവും പ്രൗഢവും ചരിത്ര പ്രസിദ്ധവുമായ സ്കോട്ട്‌ലാൻഡ് യാർഡ് പൈതൃകമന്ദിരം, എഡിൻബർഗിലെ കാലെഡോണിയൻ മന്ദിരം എന്നിവ ലുലുഗ്രൂപ്പിന്റെ ഭാഗമാണിപ്പോൾ.