ദുബായ് : ലോക എക്സ്‌പോ 2020-ന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള സ്പെഷ്യൽ എൻട്രിപാസ് ലഭിക്കാൻ ഇനിയും അവസരമുണ്ടെന്ന് സംഘാടകർ. ഓഗസ്റ്റ് 14-ന് മുൻപ് ടിക്കറ്റ് എടുക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് ഭാഗ്യവാന്മാർക്ക് സ്പെഷ്യൽ എൻട്രി പാസ് നൽകുന്നത്. സീസൺ പാസ്, ഫാമിലി പാക്കേജ് പാസ് എന്നിവ എടുക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 പേർക്കാകും ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രത്യേക ക്ഷണംലഭിക്കുന്നത്. സെപ്റ്റംബർ 30-ന് അൽ വസൽ പ്ലാസയിലാകും വ്യത്യസ്ത കാഴ്ചാനുഭവങ്ങൾ നൽകുന്ന ചടങ്ങ് നടക്കുക. ജീവിതത്തിൽ ഒരിക്കൽമാത്രം ലഭിക്കുന്ന അത്യപൂർവ അവസരമായിരിക്കും ഇത്.

എക്സ്‌പോയിലെ ഓരോദിവസവും വ്യത്യസ്തമായിരിക്കുമെന്നും ലോകപ്രശസ്ത കലാകാരന്മാർ ഒരുക്കുന്ന പ്രൗഢോജ്വലമായ കലാവിരുന്നുകൾകൊണ്ട് സമ്പന്നമാകും വേദികളെന്നും സംഘാടകർ അറിയിച്ചു.

ഒക്ടോബർ ഒന്നുമുതൽ 2022 മാർച്ച് 31 വരെയാണ് ലോകമേള. 495 ദിർഹത്തിന്റെ സീസൺ പാസ് എടുക്കുന്നവർക്ക് ആറുമാസത്തെ എക്സ്‌പോ മേളയിൽ അൺലിമിറ്റഡ് എൻട്രിയായിരിക്കും.

മാസ്റ്റർകാർഡ് ഉപയോഗിച്ച് എടുക്കുന്നവർക്ക് 25 ശതമാനം ഇളവും മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇരട്ടി അവസരവും നൽകും. 950 ദിർഹത്തിന്റെ ഫാമിലി പാക്കേജ് എടുക്കുന്നവർക്ക് മാതാപിതാക്കൾക്കും കുട്ടികൾക്കും പുറമെ ഒരു ഗാർഹികതൊഴിലാളിക്കും പ്രവേശനം ലഭിക്കും. 30 ദിവസത്തേക്ക് 195 ദിർഹവും ഒരു ദിവസത്തേക്ക് 95 ദിർഹവുമാണ് ടിക്കറ്റിന്റെ നിരക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.