ഷാർജ : പ്രവാസി മലയാളിയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി വ്യാപകമായി പണംതട്ടാൻ ശ്രമം. ഷാർജയിലുള്ള ചെങ്ങന്നൂർ സ്വദേശിയുടെ പേരിലാണ് ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് സാമ്പത്തികതട്ടിപ്പിന് ശ്രമം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് മുതലാണ് 100-ലേറെ ആളുകളിലേക്ക് മലയാളിയുടെ പേരിൽ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമെത്തിത്തുടങ്ങിയത്. ഇന്ത്യയിലെ പ്രമുഖ ബാങ്കിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് നമ്പറും സന്ദേശത്തോടൊപ്പം നൽകിയിട്ടുണ്ട്. ഭൂരിഭാഗം ആളുകളോടും ഫോൺവഴി പണമയയ്ക്കാനായിരുന്നു ആവശ്യം. പണം കടമായിട്ട് മതിയെന്നും തൊട്ടടുത്തദിവസം തിരിച്ചുനൽകാമെന്നും സന്ദേശത്തിലുണ്ട്. തന്റെപേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം പരക്കുന്നുണ്ടെന്നും ആരും അതിൽ വീണുപോകരുതെന്നും പ്രവാസി മലയാളി എല്ലാവർക്കും വിവരം നൽകിയതിനെ തുടർന്നാണ് ആളുകൾക്ക് തട്ടിപ്പ് മനസ്സിലായത്. കേരളത്തിലും സമാനമായി ഇതേസമയംതന്നെ ഉന്നതരിൽനിന്നുപോലും തട്ടിപ്പിന് ശ്രമംനടന്നതായി സൈബർ സെല്ലിന് പരാ തിലഭിച്ചിട്ടുണ്ട്.

സാമൂഹികമാധ്യമങ്ങളിലൂടെ പണം പിരിക്കരുത്

സാമൂഹികമാധ്യമങ്ങൾവഴി പണം പിരിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരം പണപ്പിരിവ് പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ദുബായിലെ അഭിഭാഷകൻ ടി.കെ. ഹാഷിക് പറഞ്ഞു. വ്യാജ പ്രൊഫൈലിലൂടെ സാമ്പത്തികതട്ടിപ്പ് തിരിച്ചറിഞ്ഞാൽ ആദ്യം യു.എ.ഇ. സൈബർ സെല്ലിനെയോ പോലീസിനെയോ വിവരമറിയിക്കണം. ബന്ധുക്കളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ പേരിലായാലും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഏതൊരു സന്ദേശത്തിന്റെയും യാഥാർഥ്യം മനസ്സിലാക്കണം. മറ്റുള്ളവരുടെ വിഷമത്തിൽ സഹായിച്ച് ഒടുവിൽ നിയമക്കുരുക്കിൽ പെട്ടുപോകാതെ നോക്കുകയാണ് വേണ്ടത്. കൂടാതെ മറ്റു രാജ്യങ്ങളിൽനിന്നും വരുന്ന പണം സാമ്പത്തികലാഭത്തിനുവേണ്ടി സ്വന്തം അക്കൗണ്ടിലൂടെ ഇടപാട് നടത്തുന്നതും നിയമവിരുദ്ധമാണെന്നും ഏതൊരു പണത്തിന്റെയും ‘സോഴ്‌സ് ഓഫ് ഇൻകം’ കൃത്യമായി അറിയിക്കാൻ ഇടപാടുകാർക്ക് ബാധ്യതയുണ്ടെന്നും അഡ്വ.ഹാഷിക് മുന്നറിയിപ്പ് നൽകി.