ദുബായ് : വതനീ അൽ ഇമറാത് ഫൗണ്ടേഷൻ എട്ടാമത് ഹ്യൂമാനിറ്റേറിയൻ പുരസ്കാരത്തിന് തൃശ്ശൂർ ചാവക്കാട് പാലയൂർ സ്വദേശി സലീം ഷാ അർഹനായി. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മുഖ്യകാർമികത്വത്തിലുള്ളതാണ് ഫൗണ്ടേഷൻ. പുരസ്കാരത്തിന് അർഹനായ ഏക ഇന്ത്യക്കാരൻകൂടിയാണ് സലീം ഷാ.

ഇത്തിഹാദ് മ്യൂസിയത്തിൽനടന്ന ചടങ്ങിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളേജ് ഫൗണ്ടേഷൻ ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും പുരസ്കാരം നൽകി ആദരിച്ചു.

ഡെ ഫോർ ദുബായ് എന്നപേരിൽ വിപുലമായ സാന്ത്വന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച വതനീ അൽ ഇമറാത്തി ഫൗണ്ടേഷന്റെ വൊളന്റിയർ ടീം ലീഡർ എന്ന നിലയിലും വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും കോർത്തിണക്കിയുള്ള പ്രവർത്തനങ്ങളുമാണ് സലീം ഷായെ ഈ വിശിഷ്ടപുരസ്കാരത്തിന് അർഹനാക്കിയത്.