ദുബായ് : നാലുപതിറ്റാണ്ട് നീണ്ട പ്രവാസംമതിയാക്കി മലപ്പുറം ചുള്ളിപ്പാറ സ്വദേശി മുഹമ്മദാലി നാട്ടിലേക്ക് മടങ്ങുന്നു. ഷാർജ യൂത്ത് സെന്ററിലെ 22 വർഷത്തെ സേവനവും അവസാനിപ്പിച്ചുകൊണ്ടാണ് മുഹമ്മദാലി മടങ്ങുന്നത്. 1981 ലാണ് ഗാർഹികവിസയിൽ മുംബൈ വഴി യു.എ.ഇ.യിലെത്തുന്നത്. അറബിയുടെ വീട്ടിൽ അഞ്ചുവർഷം ജോലിചെയ്തു. കുറച്ചുകാലം സൂപ്പർമാർക്കറ്റിലും ജീവനക്കാരനായി.

അതിനിടെ കോഴിക്കോട് സ്വദേശി കെ.ടി.എം. കോയയുടെ സഹായത്താൽ യു.എ.ഇ. എജ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ ജോലിലഭിച്ചു. 12 വർഷം അവിടെ സേവനം ചെയ്തു. പ്രതിസന്ധിഘട്ടത്തിൽ ഖോർഫുക്കാൻ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ അഹമ്മദ് സുലൈമാൻ അൽ അമ്മാദി ഷാർജ യൂത്ത് വകുപ്പിൽ ജോലിനൽകി.

ഇതുവരെ ഒട്ടേറെ അംഗീകാരങ്ങളും പ്രശംസയും ഈ വകുപ്പിൽനിന്ന്‌ മുഹമ്മദാലിയെ തേടിയെത്തി. 20 പേർക്ക് വകുപ്പിൽ ജോലി ശരിയാക്കിക്കൊടുത്തു. ഇതിനിടയിൽ കെ.എം.സി.സി.യുടെ പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്നു. ദുബായ് കെ.എം.സി.സി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ പ്രഥമ ജനറൽ സെക്രട്ടറിയാണ്. നാട്ടിൽ മത സാമൂഹിക രാഷ്ട്രീയ മേഖലകളിലും സജീവമാണ്. 17 വർഷം യു.എ.ഇ. ചുള്ളിപ്പാറ മഹല്ല് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി. മനുഷ്യത്വപരമായ ഒട്ടേറെ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഖദീജയാണ് ഭാര്യ. മക്കൾ: ഇസ്മായിൽ, നബീൽ, ഖൈറുനിസ, ഫാത്തിമ സഫ. മുഹമ്മദാലിക്ക് ദുബായ് കെ.എം.സി.സി. തിരൂരങ്ങാടി മണ്ഡലംകമ്മിറ്റി യാത്രയയപ്പ് നൽകി.