ദുബായ് : ഡൽഹിയിൽ കോവിഡ് രോഗികൾക്കായി 50 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കാൻ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെ ആഗോള സി.എസ്.ആർ. മുഖമായ ആസ്റ്റർ വൊളന്റിയേർസ്, അൽ ഷിഫ ഹോസ്പിറ്റലുമായി കരാറിലേർപ്പെട്ടു.

ഗൾഫ് രാജ്യങ്ങളിലെ ആസ്റ്ററിന്റെ പ്രവർത്തനങ്ങളിലൂടെ സമാഹരിക്കുന്ന 87 ലക്ഷം രൂപ മുതൽ മുടക്കിൽ രണ്ടാഴ്ചയ്ക്കുള്ളിനൽ ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കും.

നിലവിലെ സ്ഥിതിഗതികൾ പരിഹരിക്കാൻ ഇന്ത്യക്കിപ്പോൾ അതിവേഗനടപടികൾ ആവശ്യമാണെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു. കോവിഡ് രോഗികൾക്ക് സേവനം നൽകാൻ സജീവമായി രംഗത്തുള്ള ഇന്ത്യയിലെ 14 ആസ്റ്റർ ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് പുറമേയാണ് ഈ ദൗത്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് അടിയന്തര ക്വാട്ടേണറി കെയർ ശസ്ത്രക്രിയകളായ അവയവം മാറ്റിവെയ്ക്കൽ, കാർഡിയാക്, ഓങ്കോളജി ശസ്ത്രക്രിയകൾ കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളിൽ 50 ശതമാനം ഇളവോടെ നൽകാനും നീക്കമുണ്ട്.