തീവ്രചിന്തകളും പ്രവർത്തനങ്ങളും എക്കാലത്തും മനുഷ്യന്റെ ജീവിതം പ്രയാസകരമാക്കിയിട്ടുണ്ട്‌. ഇന്നും അതുതന്നെയാണവസ്ഥ. സ്ഫോടനങ്ങളും കൊലപാതകങ്ങളും യുദ്ധങ്ങളും പലായനങ്ങളുമെല്ലാം തീവ്രവാദത്തിന്റെ ഫലമായാണുണ്ടാവുന്നത്‌. ഭീകരപ്രവർത്തനങ്ങൾമൂലം പൊറുതിമുട്ടുന്ന ഒരു സാഹചര്യം എങ്ങും നിലനിൽക്കുന്നുണ്ട്‌. രാഷ്‌ട്രീയത്തിലും മതത്തിലും തീവ്രചിന്തകളുണ്ട്‌. യഥാർഥത്തിൽ മതം തീവ്രവാദമല്ല, അവ കൊണ്ടുനടക്കുന്നവർ അവയെ തീവ്രമായി വ്യാഖ്യാനിക്കുകയും അവതരിപ്പിക്കുകയുമാണ്‌ ചെയ്യുന്നത്‌. അതുമൂലമുണ്ടാവുന്ന നാശം എല്ലാവരെയും ബാധിക്കുകയും ചെയ്യുന്നു.

മതത്തിന്റെ പേരിൽ തീവ്രതയും ഭീകരതയും പ്രചരിക്കുന്നതാണ്‌ ഏറെ സങ്കടകരം. ഒരു മതവും തീവ്രവാദം പഠിപ്പിക്കുന്നില്ല. എല്ലാ മതങ്ങളും ഭീകരതയ്ക്കും അക്രമങ്ങൾക്കുമെതിരാണ്‌. അതിനാൽ എന്തിന്റെ പേരിലായാലും മതത്തെ ഭീകരതയ്ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നവരെ മതവിശ്വാസികൾ ഒന്നിച്ചെതിർക്കണം.

നബിതിരുമേനിയെക്കുറിച്ച്‌ ഖുർആൻ വർണിച്ചത്‌ ലോകത്തിന്റെ കാരുണ്യം (റഹ്‌മത്തുൽ ലിൽ ആലമീൻ) എന്നാണ്‌. ശ്രീനാരായണഗുരു പറഞ്ഞതുപോലെ ‘കരുണാവാൻ നബി മുത്തു രത്നമോ’. അതേ നബി പൂർണാർഥത്തിൽ കരുണാവാൻ തന്നെയായിരുന്നു. മതത്തിന്റെ പേരിൽ ഒരു ധ്രുവീകരണം കുടുംബത്തിലും നാട്ടിലുമുണ്ടാവുന്നതിന്‌ നബി സമ്മതിച്ചിരുന്നില്ല. അതുകൊണ്ടാണല്ലോ മുസ്‌ലിമല്ലാതിരുന്നിട്ടും തന്റെ പിതൃവ്യനായ അബൂത്വാലിബിന്റെ എല്ലാ സഹായങ്ങളും സ്വീകരിച്ചുകൊണ്ട്‌ നബി വളർന്നതും ജീവിച്ചതും. നാട്ടുകാരുമായുള്ള വാണിജ്യവ്യാപാര ഇടപാടുകളിൽ മതവും വിശ്വാസവും നോക്കാതെ മനുഷ്യത്വപരമായി പെരുമാറിയത്‌. മക്കയിൽനിന്നും മദീനയിലേക്കുള്ള അതിരഹസ്യമായ ഹിജ്‌റാ യാത്രയിൽ മുസ്‌ലിമല്ലാത്ത ഒരു യുവാവിനെ വഴികാട്ടിയായി കൂടെ കൊണ്ടുപോയത്‌. എന്തിനേറെ, നബി മരിക്കുമ്പോൾ തന്റെ പടയങ്കി ഒരു ജൂതന്റെ പക്കൽ പണയത്തിലായിരുന്നുവെന്നാണ്‌ ചരിത്രം പറയുന്നത്‌. ഇത്രയും വിശാലവും മനുഷ്യപ്പറ്റുള്ളതുമായിരുന്നു നബിയുടെ മാതൃക. വിട്ടുവീഴ്ചയില്ലായ്മയും പിടിവാശിയുമാണ്‌ തീവ്രതയ്ക്കും ഭീകരതയ്ക്കും കാരണമായിത്തീരുന്നത്‌. സ്നേഹബഹുമാനങ്ങൾ നിലനിർത്തിക്കൊണ്ടുള്ള സംസാരങ്ങളും ചർച്ചകളും മാത്രമാണ്‌ മനുഷ്യനെ മിതവാദിയാക്കുക. മനുഷ്യനന്മ ലക്ഷ്യംവെച്ചുകൊണ്ട്‌ ചില കാര്യങ്ങളിൽ സ്വന്തം താത്‌പര്യങ്ങൾ മാറ്റിവെക്കേണ്ടിയും വരും. അത്തരത്തിലുള്ള ഒരു വലിയ വിട്ടുവീഴ്ചയായിരുന്നു ഹിജ്‌റ ആറാംവർഷത്തിൽ നബിയും മക്കയിലെ മുസ്‌ലിങ്ങളല്ലാത്ത സമുദായനേതൃത്വവും തമ്മിലുണ്ടാക്കിയ ഹുദൈബിയാ സന്ധി. അടുത്ത പത്തുവർഷക്കാലം അവർ തമ്മിൽ യുദ്ധമുണ്ടാവില്ലെന്ന വാഗ്ദാനം സ്വീകരിച്ചുകൊണ്ടാണ്‌ ഉംറ തീർഥാടനത്തിനായി മക്കയുടെ അടുത്ത പ്രദേശത്തെത്തിയ നബിയും ആയിരത്തിനാന്നൂറോളംവരുന്ന സഹാബിമാരും മക്കയിലേക്ക്‌ പ്രവേശിക്കാതെ തിരിച്ചുപോയത്‌. പിന്നീട്‌ ശാന്തമായ സാഹചര്യത്തിൽ മുസ്‌ലിങ്ങൾ മക്കയിൽവന്ന്‌ ഉംറ നടത്തി.