ദുബായ് : ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ യു.എ.ഇ. ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് വീണ്ടും നീട്ടി. മേയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശനവിലക്ക് മേയ് 14 വരെയാണ് നീട്ടിയത്. ഇതു സംബന്ധിച്ച് വിവിധ എയർലൈനുകൾ ട്രാവൽ ഏജൻസികൾക്ക് അറിയിപ്പു നൽകി.

ഏപ്രിൽ 22-നാണ് യു.എ.ഇ. ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. ഒമാൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യക്കാർക്ക് നിലവിൽ നേരിട്ട് പ്രവേശിക്കാനാവില്ല. വിലക്ക് മറികടന്ന് നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലെത്താൻ ആയിരക്കണക്കിന് പ്രവാസികൾ ശ്രമിച്ചിരുന്നു. നേപ്പാളിൽ ക്വാറന്റീൻ പൂർത്തിയാക്കി ഒട്ടേറെപ്പേർ സൗദിയിലും യു.എ.ഇ.യിലുമെത്തി. എന്നാൽ, മറ്റൊരു രാജ്യത്തേക്ക് കടക്കുക എന്ന ലക്ഷ്യത്തോടെയെത്തുന്ന ഇന്ത്യക്കാരെ ഇനി പ്രവേശിപ്പിക്കില്ലെന്ന് നേപ്പാൾ ഭരണകൂടവും കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. യു.എ.ഇ. പ്രഖ്യാപിച്ചിരിക്കുന്ന പ്രവേശന വിലക്ക് മേയ് 14 വരെയാണെങ്കിലും ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിനോക്കി മാത്രമേ തീരുമാനം പിൻവലിക്കൂ.