ദുബായ് : യു.എ.ഇയിൽ കള്ളപ്പണം തടയാനുള്ള നിയമം കൂടുതൽ കടുപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദപ്രവർത്തനങ്ങൾക്ക് സഹായധനം നൽകൽ എന്നിവക്കെതിരായ നിയമസംവിധാനത്തിൽ രജിസ്റ്റർചെയ്യാൻ നൽകിയ സമയപരിധി ഏപ്രിൽ 30-ന് അവസാനിക്കും.

‘ഡെസിഗ്നേറ്റഡ് നോൺ ഫിനാൻഷ്യൽ ബിസിനസ് ആൻഡ് െപ്രാഫഷൻസ്’ വിഭാഗത്തിലുള്ള സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്യേണ്ടത്. ബ്രോക്കർമാർ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, ഓഡിറ്റർമാർ, സ്വർണം-വജ്ര ഇടപാടുകാർ, കോർപറേറ്റ് സേവനദാതാക്കൾ തുടങ്ങിയ സ്ഥാപനങ്ങളാണ് ഈ വിഭാഗത്തിൽപെടുക.

ഇതിനകം രജിസ്റ്റർചെയ്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇ. സാമ്പത്തികമന്ത്രാലയം പരിശോധനകൾ തുടങ്ങിക്കഴിഞ്ഞു. നിയമലംഘകരെ കണ്ടെത്താൻ മേയ് ഒന്നുമുതൽ കർശനപരിശോധന തുടങ്ങും. മാർച്ച് 31- നകം രജിസ്റ്റർ ചെയ്യാനായിരുന്നു നിർദേശമെങ്കിലും പിന്നീട് ഒരുമാസത്തേക്ക് നീട്ടുകയായിരുന്നു. രജിസ്റ്റർചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരേ പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് സാമ്പത്തികമന്ത്രാലയം മുന്നറിയിപ്പുനൽകി.

സ്ഥാപനങ്ങളുടെ ധനവിനിമയം സുതാര്യമാക്കുന്നതോടൊപ്പം കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരവാദത്തിന് സാമ്പത്തികസഹായം നൽകുന്നതും തടയുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആന്റി മണി ലോണ്ടറിങ് വകുപ്പ് ഡയറക്ടർ സഫിയ അൽ സാഫി പറഞ്ഞു. സംശയാസ്പദ ഇടപാടുകൾ പരിശോധിച്ച് കുറ്റക്കാർക്കെതിരേ നടപടി കൈക്കൊള്ളും. വ്യാജപേരിൽ ബാങ്ക് അക്കൗണ്ട് തുറക്കുകയും പ്രാദേശിക, രാജ്യാന്തര ലൈസൻസില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന കമ്പനികൾക്ക് 10 ലക്ഷം ദിർഹം പിഴ (ഏകദേശം 2.01 കോടി) ചുമത്തും.